ബി.ജെ.പി മുൻ എം.എൽ.എ നരേന്ദ്ര മേത്ത

അനധികൃത സ്വത്ത് സമ്പാദനം: ബി.ജെ.പി മുൻ എം.എൽ.എയും ഭാര്യയും മുൻകൂർ ജാമ്യം തേടി കോടതിയിൽ

മുബൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ബി.ജെ.പി മുൻ എം.എൽ.എയും ഭാര്യയും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മീരാഭയന്ദർ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയായിരുന്ന നരേന്ദ്ര മേത്തയും ഭാര്യ സുമനുമാണ് താന സെഷൻസ് കോടതിയെ സമീപിച്ചത്. 8.25 കോടി രൂപയുടെ അനധികൃത സ്വത്തും പണവും സമ്പാദിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) അടുത്തിടെയാണ് ഇരുവർക്കുമെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.

1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(ഡി), 13(2), ഇന്ത്യൻ ശിക്ഷ നിയമത്തിലെ 109 വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ എ.സി.ബി കേസെടുത്തത്. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എ.സി.ബിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 30ന് കോടതി വീണ്ടും അപേക്ഷ പരിഗണിക്കും.

2006 ജനുവരി മുതൽ 2015 ഒക്ടോബർ വരെ മീരാഭയന്ദർ മുൻസിപ്പൽ കോർപറേഷൻ മെമ്പറായും മീരാഭയന്ദർ നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ച ആളാണ് നരേന്ദ്ര മേത്ത. തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് എ.സി.ബിയുടെ കണ്ടെത്തൽ.

അനധികൃത സ്വത്ത് സമ്പാദനത്തിൽ വിശദമായ അന്വേഷണം നടത്താൻ 2016ൽ തന്നെ ലോകായുക്ത അഴിമതി വിരുദ്ധ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയോട് പരാജയപ്പെട്ടതോടെയാണ് നരേന്ദ്ര മേത്ത ബി.ജെ.പി വിട്ടത്.

അത്യാഢംബര കാറായ ലംമ്പോർഗിനി ഭാര്യ സുമന് പിറന്നാൾ സമ്മാനമായി നരേന്ദ്ര മേത്ത നൽകിയിരുന്നു. 2016 ആഗസ്റ്റിൽ ഈ കാറുമായി പുറത്തുപോയ ഭാര്യ അപകടത്തിൽപ്പെട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.