‘വിശ്വാസമോ പൈതൃകമോ പരിഗണിക്കാതെ സുരക്ഷിതത്വത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്’ -ആസ്‌ട്രേലിയയിലെ ആദ്യ മുസ്‍ലിം മന്ത്രി ആനി അലി

ന്യൂഡൽഹി: വിശ്വാസമോ പൈതൃകമോ പരിഗണിക്കാതെ എല്ലാവർക്കും സുരക്ഷിതത്വം അനുഭവിക്കാൻ അവകാശമുണ്ടെന്ന് ആസ്‌ട്രേലിയൻ മന്ത്രി ആനി അലി. തന്റെ ഇന്ത്യ സന്ദർശനത്തിനിടെയാണ് പ്രസ്താവന. ആസ്‌ട്രേലിയയിലെ മൾട്ടി കൾച്ചറൽ അഫയേഴ്‌സിന്റെ ആദ്യ കാബിനറ്റ് മന്ത്രിയായ ആനി അലി ഈ വാരാന്ത്യത്തിലാണ് ഡൽഹിയിൽ എത്തിയത്. തന്റെ രാജ്യത്തെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എവിടെ നിന്നുള്ളവരാണെന്ന് മനസ്സിലാക്കാൻ അവർ ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായും പല മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

ഈജിപ്തിൽ ജനിച്ച് രണ്ട് വയസ്സുള്ളപ്പോൾ സിഡ്‌നിയിലേക്ക് താമസം മാറിയ ആനി അസ്സ അലി, യൂനിവേഴ്സിറ്റി പ്രഫസറും തീവ്രവാദ വിരുദ്ധ വിദഗ്ധയുമാണ്. ആസ്‌ട്രേലിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‍ലിം വനിതയും രാജ്യത്തെ ആദ്യത്തെ മുസ്‍ലിം കാബിനറ്റ് മന്ത്രിയുമാണ്. ആന്റണി അൽബനീസ് സർക്കാർ ഏൽപ്പിച്ച പുതുതായി രൂപീകരിച്ച മൾട്ടി കൾച്ചറൽ വകുപ്പ് എന്തുചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അവിടത്തെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളും ‘ദി ഇന്ത്യൻ എക്‌സ്‌പ്രസിനു’ നൽകിയ അഭിമുഖത്തിൽ അവർ പങ്കുവെച്ചു. ബഹുസ്വരത സമ്മർദ്ദത്തിലായ ഒരു കാലഘട്ടത്തിൽ മുസ്‍ലിമായി രാജ്യത്ത് ജീവിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.

‘എന്റെ പ്രധാനമന്ത്രി ആന്റണി അൽബനീസിൽ നിന്നുമുള്ള വ്യക്തമായ സന്ദേശം അറിയിക്കുന്നതിനാണ് ഞാൻ ഇന്ത്യയിലേക്കുള്ള ഈ യാത്ര നടത്തിയത്. നമ്മുടെ വിശാലമായ ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി ഇന്ത്യൻ-ആസ്‌ട്രേലിയക്കാരെ ഞങ്ങൾ വിലമതിക്കുന്നുവെന്നും ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുമിച്ച് നേടാൻ കഴിയുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് വലിയ ശുഭാപ്തിവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. ആസ്‌ട്രേലിയ ഇന്ത്യൻ വംശജർക്കു നൽകുന്ന ആഴമേറിയ മൂല്യത്തെയും തന്റെ രാജ്യത്തിന് ഇന്ത്യക്കാർ നൽകുന്ന സംഭാവനയെയും കുറിച്ച് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി സംസാരിച്ചുവെന്നും അവർ പറഞ്ഞു.

ഡൽഹിയിലെ ബിർള ക്ഷേത്രത്തിലും ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലും ചെന്ന് ബഹുമത നേതാക്കളെയും കണ്ടുവെന്നും ഡൽഹിയിലേക്കുള്ള സന്ദർശനത്തിന്റെ അവസാന സ്റ്റോപ്പ് ജുമാ മസ്ജിദായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആസ്‌ട്രേലിയയിൽ ഈ വിശ്വാസങ്ങളെല്ലാം പ്രതിനിധീകരിക്കുന്ന ആളുകൾ തങ്ങളുടെ സമൂഹത്തിന്റെ ഭാഗമായി അഭിമാനത്തോടെ ജീവിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Australia's first Muslim minister, Anne Ali, says everyone has the right to feel safe, regardless of faith or heritage.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.