'എല്ലാ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം'; ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വി.എച്ച്.പി

ലഖ്നോ: രാജ്യത്ത് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇത് പരിഹരിക്കുന്നതിനായി ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് യു.പിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ വി.എച്ച്.പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്ര ആഹ്വാനം ചെയ്തു.

'ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് രാജ്യത്തെ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ഹിന്ദു സമൂഹത്തിലെ സന്യാസിമാർ ആഹ്വാനം ചെയ്യുകയാണ്' -വി.എച്ച്.പി ജനറൽ സെക്രട്ടറി പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ചിലർ ശ്രമിക്കുകയും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയുമാണ്. ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണം. വഖഫ് ബോർഡിൻ്റെ ഏകാധിപത്യപരവും പരിധിയില്ലാത്തതുമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിയമപരിഷ്‌കരണം കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സനാതന പാരമ്പര്യമാണ് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സനാതന ധർമം 500 വർഷമായി കാത്തിരുന്ന സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമായതെന്നും യോഗി പറഞ്ഞു.

Tags:    
News Summary - Every Hindu family must have 3 children: VHP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.