സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിൽ എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്ന വാദത്തെ പൂർണ്ണമായി തള്ളിക്കൊണ്ട്, കോടതികളിലെ ഭാഷാപരമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സുപ്രീം കോടതി നിർണായകമായ ചില നിരീക്ഷണങ്ങൾ നടത്തി. കോട്ടയം സ്വദേശിയായ ഭർത്താവ് കേരളത്തിൽ ഫയൽ ചെയ്ത വിവാഹമോചനക്കേസും കുട്ടിയുടെ സംരക്ഷണാവകാശവും സംബന്ധിച്ച കേസും പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി പരിഗണിക്കവെയാണ് ‘കേരളത്തിന്റെ ഇംഗ്ലിഷ്’ പരിജ്ഞാനത്തെക്കുറിച്ച് ഇത്തരമൊരു നിരീക്ഷണം കോടതി നടത്തിയത്.
കോടതി നടപടികൾക്കിടെ ഭർത്താവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആൽജോ ജോസഫ് കേസ് പഞ്ചാബിലേക്ക് മാറ്റുന്നതിനെ ശക്തമായി എതിർത്തു. കേരളത്തിൽ കേസ് നടത്തുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും കേരളത്തിൽ എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്നും അതുകൊണ്ട് ഭാഷ ഒരു പ്രശ്നമാകില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ കേരളത്തിൽ ഭാഷാപരമായ പ്രശ്നമുണ്ടെന്നും ഇംഗ്ലീഷ് അറിയാമെങ്കിലും മലയാളികൾ സംസാരിക്കാൻ തയ്യാറല്ലെന്നും സുപ്രീംകോടതി കോടതി നിരീക്ഷിച്ചു.
നിലവിൽ യു.കെയിൽ താമസിക്കുന്ന ഭാര്യയാണ് കേസ് കേരളത്തിൽ നിന്ന് ലുധിയാനയിലേക്ക് മാറ്റാൻ കോടതിയെ സമീപിച്ചത്. ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ തനിക്ക് കേസിൽ കൃത്യമായി പങ്കെടുക്കാൻ കഴിയുന്നില്ലെന്നും ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കുനാൽ ആർ. ചോക്സി കോടതിയെ അറിയിച്ചു. ഇന്ത്യയിൽ അവർക്ക് വേണ്ടി കേസ് നടത്തുന്ന അമ്മക്കും ഇതേ ഭാഷാ പ്രശ്നമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2017-ൽ വിവാഹിതരായ ദമ്പതികൾ 2023 വരെ ഒന്നിച്ച് ജീവിക്കുകയും പിന്നീട് യു.കെയിലേക്ക് മാറുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടാവുകയും, ഭർത്താവ് കുട്ടിയുമായി നാട്ടിലേക്ക് മടങ്ങി കേരളത്തിൽ വിവാഹമോചനകേസ് ഫയൽ ചെയ്യുകയുമായിരുന്നു.
ഭാര്യ വിദേശത്തായതിനാൽ കോടതി മാറ്റം അവരെ ബാധിക്കില്ലെന്നും, കഴിഞ്ഞ മൂന്ന് വർഷമായി കുട്ടി തന്റെ കൂടെ കേരളത്തിലാണെന്നും ഭർത്താവ് വാദിച്ചു. എന്നാൽ, ഭാഷാപരമായ പ്രശ്നങ്ങൾ കാരണം ഭാര്യക്ക് ഇതുവരെ കേസിൽ ശരിയായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുത കോടതി ഗൗരവമായി എടുക്കുകയും ഭർത്താവിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കേരളത്തിലുള്ള കേസ് നടപടികൾ പഞ്ചാബിലെ ലുധിയാനയിലുള്ള കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.