'2026ൽ അമേരിക്കയിൽ ബി.ജെ.പി ജയിച്ചാലും തമിഴ്നാട്ടിൽ ജയിക്കുമെന്ന് കരുതേണ്ട'; അമിത് ഷായ്ക്ക് മറുപടിയുമായി ഡി.എം.കെ

ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ. 2026ൽ അമേരിക്കയിൽ ബി.ജെ.പിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞാലും തമിഴ്നാട്ടിൽ ജയിക്കുമെന്ന് കരുതേണ്ടെന്ന് പാർട്ടി വക്താവ് ഡോ. സയീദ് ഹഫീസുല്ല പറഞ്ഞു.

2026ൽ തമിഴ്നാട്ടിലും ബംഗാളിലും ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. 'അഴിമതിയിൽ മുങ്ങിക്കുളിച്ച ഡി.​എം.കെ സർക്കാറിനെ താഴെയിറക്കാൻ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ജനത. 2026ൽ തമിഴ്നാട്ടിലും ബംഗാളിലും ബി.ജെ.പി സർക്കാർ രൂപവത്കരിക്കും. കേന്ദ്രസർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡി.എം.കെ വലിയ അഴിമതി നടത്തി. സ്റ്റാലിൻ സർക്കാറിന്റെ അഴിമതികളുടെ ഒരു നീണ്ട പട്ടിക തന്നെ കൈയിലുണ്ട്. 46,000 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി. സ്റ്റാലിന്‍റേത് ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാറാണ്. തമിഴ്നാട് ആണ് ബി.ജെ.പിയുടെ അടുത്ത യുദ്ധഭൂമി. ഓരോ ബി.ജെ.പി പ്രവർത്തകനും വലിയ ഉത്തരവാദിത്തമാണ് അവിടെയുള്ളത്' -അമിത് ഷാ പറഞ്ഞു.

ഇതിനാണ് ഡി.എം.കെ വക്താവ് മറുപടി നൽകിയത്. '2026ൽ ഒരുപക്ഷേ അമേരിക്കയിൽ പോലും ബി.ജെ.പിക്ക് അധികാരം പിടിച്ചെടുക്കാൻ വിദൂര സാധ്യതയുണ്ടായേക്കാം. തമിഴ്നാട്ടിൽ അത് നടക്കില്ല. 39,000 കോടിയുടെ അഴിമതി ആരോപണവുമുയർത്തി സങ്കൽപ്പ ലോകത്ത് ജീവിക്കുകയാണ് ബി.ജെ.പി' -ഡോ. സയീദ് ഹഫീസുല്ല പറഞ്ഞു.

2026ലാണ് തമിഴ്നാട്ടിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് പ്രവർത്തനം സജീവമാക്കാനാണ് ബി.ജെ.പി നീക്കം. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. അണ്ണാമലൈയെ മാറ്റുകയും എന്‍. നാഗേന്ദ്രന് ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് വട്ടമാണ് അമിത് ഷാ തമിഴ്നാട് സന്ദർശിച്ചത്. 

Tags:    
News Summary - Even in the USA the BJP may have a remote possibility to capture power, but not in Tamil Nadu DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.