അസമി​ലെ കരിംഗഞ്ചിൽ ഒഴിപ്പിക്കൽ തുടരുന്നു; രണ്ട് ദിവസത്തിനിടെ തകർത്തത് 161 കെട്ടിടങ്ങൾ

കരിംഗഞ്ച് (അസം): കരിംഗഞ്ച് ജില്ലയിലെ പതാർകണ്ടിയിൽ കുടിയൊഴിപ്പിക്കൽ നടപടിയുടെ രണ്ടാം ദിനം തകർത്തത് കടകളും താമസസ്ഥലങ്ങളും ഉൾപ്പെടെ 71 കെട്ടിടങ്ങൾ. ആദ്യ ദിനം 90 കെട്ടിടങ്ങളാണ് സർക്കിൾ ഓഫിസറുടെ നേതൃത്വത്തിൽ ജില്ല ഭരണകൂടം ഇടിച്ചുനിരത്തിയത്. ഇച്ചബീലിലും ഇസർപാർ മൗസയിലുമുള്ള 71 കെട്ടിടങ്ങളാണ് ഞായറാഴ്ച തകർത്തതെന്ന് സർക്കിൾ ഓഫിസർ അർപിത ദത്ത മജുംദാർ അറിയിച്ചു. ഇതോടെ കുടിയൊഴിപ്പിക്കൽ നടപടിയുടെ ഒന്നാം ഘട്ടം അവസാനിക്കുമെന്നും അവർ പറഞ്ഞു.

ഇരകൾ രേഖകളുമായി കേണപേക്ഷിച്ചെങ്കിലും ഭരണകൂടം കനിഞ്ഞില്ല. സായുധരായ സുരക്ഷ ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ചാണ് ഒഴിപ്പിക്കുന്നവർക്ക് സുരക്ഷ ഒരുക്കിയത്. കോട്‌മോനി മാർക്കറ്റിൽ 25ഓളം കടകൾ തകർത്താണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്. തുടർന്ന് ഇച്ചബീൽ ഗ്രാമപഞ്ചായത്തിലെ തേജ്പൂർ, പട്യാല മേഖലകളിൽ പൊളിക്കൽ തുടർന്നു. തേയിലത്തോട്ടത്തിന് പാട്ടത്തിനെടുത്ത ഭൂമി കൈയേറ്റമുക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

കെട്ടിടങ്ങൾ പൊളിച്ചതോടെ അയ്യായിരത്തിലധികം താമസക്കാരാണ് ഭവനരഹിതരാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പലരും ബന്ധുവീടുകളിൽ അഭയം തേടുമ്പോൾ ചിലർ തുറസ്സായ സ്ഥലത്ത് കഴിയുകയാണ്. ഒഴിയാൻ ആവശ്യപ്പെട്ട് തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, പ്രദേശത്ത് അനൗൺസ്മെന്റ് നടന്നിരുന്നു.

കരിംഗഞ്ച് ഡെപ്യൂട്ടി കമീഷണർ മൃദുൽ കുമാർ യാദവിനെ നിരവധി തവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് ഇരകൾ പറയുന്നു. ഭരണകൂടം എന്തെങ്കിലും പുനരധിവാസ പദ്ധതി തയാറാക്കിയിട്ടുണ്ടോ എന്നത് അജ്ഞാതമാണ്.

Tags:    
News Summary - Evacuations continue in Karinganj, Assam; 161 buildings were demolished in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT