പത്തു ദിവസത്തേക്ക് ടിക്കറ്റില്ല; കുതിച്ചുയർന്ന് ബംഗളുരു- എറണാകുളം വന്ദേഭാരത് ടിക്കറ്റ് വിൽപന

കൊച്ചി: ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത പുതിയ വന്ദേഭാരത് എക്‌സ്പ്രസില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബംഗളുരു-കൊച്ചി വന്ദേഭാരതില്‍ അടുത്ത പത്തു ദിവസത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീര്‍ന്നു. എക്‌സിക്യൂട്ടീവ് ക്ലാസില്‍ പത്ത് ദിവസത്തെ ടിക്കറ്റ് ബുക്കിങ് തീര്‍ന്നപ്പോൾ എ.സി ചെയര്‍കാറില്‍ 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. 13,14 തിയതികളില്‍ ഉടന്‍ ടിക്കറ്റ് തീരുന്ന രീതിയില്‍ ബുക്കിങ് കുതിക്കുകയാണ്.

നവംബര്‍ 11ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുളളിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. എറണാകുളം-ബംഗളുരു വന്ദേ ഭാരത് ട്രെയിനിൽ എട്ട് കോച്ചുകളാണ് ഉള്ളത്. എ.സി ചെയർ കാർ, എക്സിക്യൂട്ടീവ് എ.സി തുടങ്ങി ട്രെയിനിൽ രണ്ട് തരം ഇരിപ്പിട ക്രമീകരണങ്ങളുണ്ട്. എറണാകുളം-ബെംഗളൂരൂ എസി ചെയര്‍ കാറിന് 1095 രൂപ വരെയും എസ് എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.

ട്രെയിൻ നമ്പർ 26651 ബാംഗ്ലൂർ-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ അഞ്ച് പത്തിന് കെ.എസ്.ആർ ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്ന് അമ്പതിന് എറണാകുളത്ത് എത്തിച്ചേരും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 26652 എറണാകുളം-കെ.എസ്.ആർ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചക്ക് രണ്ട് ഇരുപതിന്എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി മണിക്ക് കെ.എസ്.ആർ ബംഗളൂരുവിൽ എത്തിച്ചേരും.

എറണാകുളം- ബംഗളുരു എക്സ്പ്രസ് കോയമ്പത്തൂർ, പാലക്കാട് വഴിയാണ് ഓടുന്നത്. എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ, ഈ വന്ദേ ഭാരത് ട്രെയിൻ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിൽ നിർത്തും.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു. ഉദ്ഘോടന ഓട്ടത്തില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തുടങ്ങിയ സുവനീര്‍ ടിക്കറ്റുള്ളവര്‍ മാത്രമാണ് യാത്രചെയ്തത്.

അതിനിടെ ഉദ്ഘാടനയോട്ടത്തിൽ ട്രെയിനിൽ വെച്ച് ഒരു കൂട്ടം വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവേ പങ്കുവെച്ചതും വിവാദമായിരുന്നു. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വെെകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Ernakulam-Bengaluru Vande Bharat train sees huge demand; tickets sold out within hours of launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.