എ. രേവന്ത് റെഡ്ഡി

ഇംഗ്ലീഷ് അറിവിന്റെ അളവുകോലല്ല, ആശയവിനിമയത്തിനുള്ള ഭാഷ മാത്രം -തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണെന്നും അറിവിന്റെ അളവുകോലായി കാണരുതെന്നും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത റെഡ്ഡി. തന്‍റെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിനെ കളിയാക്കിയവരെ വിമർശിച്ച്, തെലങ്കാന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്‍റീനിയൻ താരം ലയണൽ മെസ്സിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും പകരം സ്പാനിഷ് അറിയാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയിൽ അദ്ദേഹം പരാമർശിച്ചിരുന്നു.

തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമർക്കയും ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡിയും കേന്ദ്ര സർവകലാശാലയിലും നാഷണൽ ഡിഫൻസ് അക്കാദമിയിലും പഠിച്ചതിനാൽ ഇംഗ്ലീഷ് ഭാഷ അറിയാം. സർക്കാർ സ്കൂളിൽ പഠിച്ചതിനാൽ എനിക്ക് ശരിയായ ഇംഗ്ലീഷ് അറിയില്ല -അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പരാതികൾ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് തന്റെ ജോലിയെന്നും ഇത് ഇംഗ്ലീഷിലൂടെ പരിഹരിക്കാൻ കഴിയുമെങ്കിൽ 24 മണിക്കൂറും ആ ഭാഷ സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലമുരു–രംഗ റെഡ്ഡി ലിഫ്റ്റ് ജലസേചന പദ്ധതിയെച്ചൊല്ലി നിലവിലെ ജലസേചന മന്ത്രിയും മുൻ ജലസേചന മന്ത്രിയും നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിവസം ഏറ്റുമുട്ടി. സഭയിൽ ഹാജരാകാതിരുന്നതിന് ഭാരത് രാഷ്ട്ര സമിതിയെയും (ബി.ആർ.എസ്), പ്രതിപക്ഷ നേതാവ് കെ. ചന്ദ്രശേഖര റാവുവിനെയും മുഖ്യമന്ത്രി വിമർശിച്ചു.

അതിനിടെ, മന്ത്രി ദനാസാരി അനസൂയ സീതക്ക അവതരിപ്പിച്ച 2026 ലെ പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ള വ്യക്തികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്നത് നിർത്തലാക്കുന്നതാണ് ബിൽ.

Tags:    
News Summary - English is for communication, not knowledge- Telangana CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.