തല്ലിന് പകയുമായി ഇ.ഡി: പശ്ചിമ ബംഗാളിൽ മുനിസിപ്പാലിറ്റി ചെയർമാൻ അറസ്റ്റിൽ -VIDEO

കൊൽക്കത്ത: തൃണമൂൽ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്താൻ പോകുന്നതിനിടെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലിയതിന്റെ പകയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റേഷൻ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുൻ ബോൺഗാവ് നഗരസഭ ചെയർമാൻ ശങ്കർ ആധ്യയെ ഇ.ഡി അർധരാത്രി അറസ്റ്റ് ചെയ്തു. കേന്ദ്ര സേനയുടെ അകമ്പടിയോടെ എത്തിയാണ് ആധ്യയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ ഇദ്ദേഹത്തിന്റെയും തൃണമൂൽ നേതാവ് ശൈഖ് ഷാജഹാന്റെയും വീട്ടിൽ റെയ്ഡിനെത്തിയപ്പോഴായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ സന്ദേശ്ഖലിയിൽ ആൾക്കൂട്ടം ആക്രമിച്ചത്.  തല്ലിന് പകയുമായി ഇ.ഡി: പശ്ചിമ ബംഗാളിൽ മുനിസിപ്പാലിറ്റി ചെയർമാൻ അറസ്റ്റിൽ

ഇ.ഡി ഉദ്യോഗസ്ഥരെയും സുരക്ഷ ജീവനക്കാരെയും മർദിക്കുകയും വാഹനങ്ങൾ കേടുവരുത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും മർദനമേറ്റു.

ഡൽഹി ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോഴായിരുന്നു സംഭവം. സംസ്ഥാനത്തെ മറ്റ് 15 സ്ഥലങ്ങളിലും ഇതേസമയം റെയ്ഡ് നടക്കുന്നുണ്ടായിരുന്നു. റേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയോ മാലിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഷാജഹാൻ.

ഇ.ഡി സംഘമെത്തി വീടിന്റെ ഗേറ്റ് തുറക്കാൻ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നതിനാൽ പൂട്ട് തകർക്കാൻ ശ്രമിക്കുമ്പോൾ ആൾക്കൂട്ടം തടയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. വാഹനങ്ങൾ തകർത്തതിനാൽ ബൈക്കുകളിലും ഓട്ടോറിക്ഷകളിലുമാണ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. എസ്.പി ഉൾപ്പെടെ മുതിർന്ന പൊലീസ് അധികൃതരെ വിവരമറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

അതേസമയം, പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുതിർന്ന ഐ.പി.എസ് ഓഫിസർ പ്രതികരിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഷാജഹാൻ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണെന്നും മുതിർന്ന ബി.ജെ.പി നേതാവ് രാഹുൽ സിൻഹ ആരോപിച്ചു. ജനാധിപത്യത്തിൽ കൈയൂക്കിനും അക്രമത്തിനും സ്ഥാനമില്ലെന്നും ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ആവശ്യപ്പെട്ടു. ജംഗിൾ രാജും ഗുണ്ടാരാജും വിഡ്ഡികളുടെ സ്വർഗത്തിൽ മാത്രമേ നടക്കൂ. അക്രമം നടക്കുമ്പോൾ പൊലീസിന്റെ ഒട്ടകപ്പക്ഷി നയം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Enforcement Directorate (ED) arrested former Bongaon Municipality Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.