മുംബൈ: പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയിൽ തൂണിലിടിച്ച് മൂന്ന് ജീവനക്കാർക്ക് പരിക്ക്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തിൽ മോണോറെയിൽ കോച്ചുകൾക്ക് ഉൾപ്പടെ വലിയ തകരാറുണ്ടായി.
ചെറിയ അപകടമാണ് ഉണ്ടായതെന്ന് മുംബൈ മെട്രോ ഓപ്പറേഷൻ കോർപറേഷൻ ലിമിറ്റഡ് അറിയിച്ചു. എന്നാൽ, മൂന്ന് ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റുവെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് സെപ്റ്റംബർ 20 മുതൽ മോണോ റെയിലിന്റെ ചില റൂട്ടുകളിൽ ഗതാഗതം നിർത്തിവെച്ചിരുന്നു. അനിശ്ചിതകാലത്തേക്കാണ് സർവീസ് നിർത്തിയത്.
മോണോറെയിൽ ട്രെയിനിന്റെ ആദ്യ കോച്ചാണ് തൂണിലിടിച്ചത്. ട്രെയിനിന്റെ മറ്റ് കോച്ചുകൾ ക്രെയിൻ ഉൾപ്പടെ കൊണ്ടുവന്ന് ഏറെ പണിപ്പെട്ടാണ് മാറ്റിയത്. ട്രാക്ക് ക്രോസോവർ പോയിന്റിൽവെച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. എൻജിനീയറും ട്രെയിൻ ക്യാപ്റ്റനും മറ്റ് ജീവനക്കാരുമാണ് പരീക്ഷണയോട്ടത്തിൽ ഉണ്ടായിരുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
എല്ലാദിവസവും നടക്കുന്ന സിഗ്നലിങ് പരീക്ഷണങ്ങൾക്കിടെയാണ് അപകടമുണ്ടായതെന്ന് അറ്റകൂറ്റപ്പണിക്കായി കരാറെടുത്ത കരാറുകാർ പറഞ്ഞു. മുഴുവൻ സുരക്ഷാസംവിധാനവും എടുത്താണ് ട്രാക്കുകളിൽ അറ്റകൂറ്റപ്പണികൾ നടത്തുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുംബൈ മെട്രോപൊളിറ്റൻ റീജണിയൽ ഡെലപ്മെന്റ് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.