ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭാരവാഹികളെ നേരിട്ടുള്ള സംഭാഷണത്തിന് ക്ഷണിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണിതെന്നും ഇരു കൂട്ടർക്കും അനുയോജ്യമായ സമയം അറിയിക്കണമെന്നും മുഴുവൻ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും അയച്ച കത്തിൽ കമീഷൻ വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷമല്ലെന്ന പ്രതിപക്ഷ വിമർശനത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണറുടെയും നിയമന വിവാദത്തിനും പിന്നാലെയാണ് പുതിയ നീക്കം. വോട്ടുയന്ത്രങ്ങൾക്കെതിരായ ആക്ഷേപങ്ങൾക്കുപുറമെ വോട്ടർപട്ടികയിലെ വോട്ടിരട്ടിപ്പും വലിയ ചർച്ചയായ വേളയിലാണിത്. വോട്ടർപട്ടികയിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെടുകയും ചെയ്തു.
ഇതുകൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിർദേശങ്ങൾ തേടി. ഏപ്രിൽ 30നകം ഇതുസംബന്ധിച്ച നിർദേശങ്ങൾ പാർട്ടികൾ സമർപ്പിക്കണമെന്ന് ഇതേ കത്തിൽ കമീഷൻ ആവശ്യപ്പെട്ടു. 1950ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമങ്ങൾ, 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ, 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ, സുപ്രീം കോടതി ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിർദേശങ്ങൾ പരിഗണിക്കുക.
കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാർ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുമായി ആശയവിനിമയം നടത്താൻ എല്ലാ സംസ്ഥാന, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും നിർദേശം നൽകിയിരുന്നു. ഇതിന്റെ റിപ്പോർട്ട് മാർച്ച് 31നകം കമീഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്താൻ കമീഷൻ രാഷ്ട്രീയ പാർട്ടികളോട് അഭ്യർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.