വിദ്വേഷ പ്രസംഗം പാടില്ല, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്; ലംഘിച്ചാൽ കർശന നടപടിയെന്ന് തെര. കമീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദ്വേഷ പ്രസംഗം പാടില്ല. ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്. കായികബലമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെയും കർശനമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

സുഗമമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന നാല് കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കും. കായികബലം, പണം, തെറ്റായ വിവരങ്ങളുടെ പ്രചാരണം, പെരുമാറ്റച്ചട്ട ലംഘനം -ഈ നാല് കാര്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. എല്ലാ മണ്ഡലങ്ങളിലും ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഉന്നത ഉദ്യോഗസ്ഥന് ഓരോ കണ്‍ട്രോള്‍ റൂമിന്റെയും ചുമതല നല്‍കും. ആവശ്യത്തിന് കേന്ദ്രസേനയെ എല്ലാ സ്ഥലങ്ങളിലും വിന്യസിക്കും.

പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ നിര്‍ദേശിച്ചു.ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതില്‍ ഒതുങ്ങില്ലെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കി.

അക്രമം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രാഥമിക ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.ടിവി, സമൂഹമാധ്യമങ്ങള്‍, വെബ്കാസ്റ്റിങ്, 1950 കോള്‍ സെന്റര്‍, സി–വിജില്‍ എന്നിവ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കും. രാജ്യാന്തര അതിര്‍ത്തികളിലും സംസ്ഥാന അതിര്‍ത്തികളിലും വിശദമായ പരിശോധന ഉണ്ടാകും. ഡ്രോൺ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാനും കമീഷന്‍ നിര്‍ദേശം നല്‍കി.

ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. 

Tags:    
News Summary - Election Commission will be ruthless if violence takes place: CEC Rajiv Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.