ന്യൂഡൽഹി: ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്ന സുപ്രധാന വിധിയിൽ, വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധനയുടെ (എസ്.ഐ.ആർ) നിയമസാധുത സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ ഭരണഘടനാ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ് എസ്.ഐ.ആർ എന്ന്, ബിഹാർ എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ തള്ളി ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിന് ഒരാളുടെ പൗരത്വം നോക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടെന്നും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പാഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്ത 34 ലക്ഷം പേരുടെ വോട്ടുകൾ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയത് കൊണ്ടാണ് പശ്ചിമ ബംഗാളിൽ ഭരണമാറ്റം സംഭവിച്ചതെന്ന വിമർശനത്തിനിടയിലാണ്, സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് എസ്.ഐ.ആർ അനിവാര്യമാണെന്ന് സുപ്രീംകോടതി വിധിക്കുന്നത്. വോട്ടെടുപ്പ് മികച്ചതായതുകൊണ്ട് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാവില്ലെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് അടിസ്ഥാനപരമായി വോട്ടർപട്ടികയുടെ വിശ്വാസ്യതയെയും കൃത്യതയെയും ആശ്രയിച്ചിരിക്കുന്നു. ജനാധിപത്യ പ്രക്രിയയുടെ അടിത്തറ അതാണ്. എസ്.ഐ.ആർ പ്രക്രിയക്ക് തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ച കാരണങ്ങളിൽ കോടതിക്ക് തൃപ്തിയുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 16ാം വകുപ്പ് പ്രകാരം വോട്ടർപട്ടിക തയാറാക്കുമ്പോൾ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടെന്നത് സംശയാതീതമാണ്. എന്നാൽ, വോട്ടർപട്ടികയിൽ പേരുചേർക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതിൽ മാത്രം ആ അധികാരം പരിമിതപ്പെട്ടിരിക്കുന്നു. വോട്ടർപട്ടികയിൽ നിലവിൽ പേരുള്ള ഒരാളോട് അനുഭാവപൂർണമായ നിലപാടായിരിക്കണം ഇക്കാര്യത്തിൽ കമീഷൻ കൈക്കൊള്ളേണ്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്ദേശ്യത്തിനാണ് തങ്ങൾക്ക് മുന്നിലുള്ള രേഖകൾ കമീഷൻ പരിശോധിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു വ്യക്തി സമർപ്പിച്ച ഏതെങ്കിലും രേഖയിൽ വിശ്വാസമില്ലാതിരിക്കുകയോ സംശയമുണ്ടാവുകയോ ചെയ്താൽ നിയമപ്രകാരം വോട്ടർപട്ടികയിൽ പേര് ചേർക്കാതിരിക്കാനും പേര് വെട്ടിമാറ്റാനും കമീഷന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.