ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാരുൾപ്പെട്ട സംഘത്തിന് സംസ്ഥാനത്തിന്‍റെ ചുമതല നൽകി ബി.ജെ.പി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനാണ് മധ്യപ്രദേശിന്‍റെ ചുമതല. കഴിഞ്ഞ ബിഹാർ, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിച്ചത് ഭൂപേന്ദ്ര യാദവ് ആയിരുന്നു. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനാണ് ഭൂപേന്ദ്ര യാദവിനെ സഹായിക്കാനുള്ള ചുമതല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസിൽനിന്ന് ജോത്യരാദിത്യ സിന്ധ്യയെ അടർത്തിയെടുത്താണ് ബി.ജെ.പി ഭരണം പിടിച്ചെടുത്തത്. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന മധ്യപ്രദേശിൽ തുടർഭരണത്തിന് ബി.ജെ.പി പരിശ്രമിക്കുന്നുണ്ട്.
ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന രാജസ്ഥാനിന്‍റെ ചുമതല പാർലമെന്‍റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കാണ്. നിതിൻ പട്ടേലും കുൽദീപ് ബിഷ്‌ണോയിയും അദ്ദേഹത്തെ സഹായിക്കും. പാർട്ടിക്കുള്ളിലെ പോരാണ് രാജസ്ഥാനിൽ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി.
പാർട്ടിയുടെ മുതിർന്ന നേതാവ് ഓം മാത്തൂരിനാണ് ഛത്തീസ്ഗഡിൽ ചുമതല. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അദ്ദേഹത്തെ സഹായിക്കും. മുൻ കേന്ദ്രമന്ത്രിയും കേരളത്തിൽ പാർട്ടിയുടെ ചുമതലയുമുള്ള പ്രകാശ് ജാവദേക്കറിനാണ് തെലങ്കാന തെരഞ്ഞെടുപ്പിന്‍റെ ചുമതല. തെലങ്കാനയിൽ പാർട്ടിക്കുള്ളിൽ കഴിഞ്ഞദിവസം അഴിച്ചുപണി നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബണ്ടി സഞ്ജയിനെ മാറ്റി പകരം കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയെ നിയമിക്കുകയുണ്ടായി.
അടുത്തദിവസങ്ങളിൽ ഛത്തീസ്ഗഢ്, തെലങ്കാന ഉൾപ്പെടെ സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നുണ്ട്. ഛത്തീസ്ഗഢിൽ 7,600 കോടിയുടെ പദ്ധതികൾക്കാണ് മോദി തറക്കല്ലിടുക. 2019ന് ശേഷം ആദ്യമായാണ് മോദി ഛത്തീസ്ഗഢ് സന്ദർശിക്കുന്നത്. ദേശീയപാത നിർമാണം, സയൻസ് കോളേജ് തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. തെലങ്കാനയിലെ വാറങ്കലിൽ 6,100 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.