കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ കേന്ദ്രസേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ഹൗറ ജില്ലയിലെ ഉദയ്നാരായൺപൂരിലെ ഒരു പോളിങ് ബൂത്തിൽ കേന്ദ്രസേനയുടെ കൈയേറ്റത്തെ തുടർന്ന് വയോധികൻ മരിച്ചതായി തൃണമൂൽ കോൺഗ്രസ് പറഞ്ഞു. കേന്ദ്രസേന തള്ളിയതിനെ തുടർന്ന് വയോധികൻ വീഴുകയും തുടർന്ന് മരിച്ചുവെന്നുമാണ് ആരോപണം.
മകൻ പോളിങ് ബൂത്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് കേന്ദ്രസേന വയോധികനെ കൈയേറ്റം ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എക്സിൽ കുറിച്ചു. മരിച്ച വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും വിഡിയോയും അഭിഷേക് ബാനർജി പങ്കുവെച്ചു.
കേന്ദ്രസേന ബി.ജെ.പിയുടെ സ്വകാര്യ സൈന്യമായി മാറിയെന്നും കൈയേറ്റം ചെയ്തും ആക്രമിച്ചും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘അമിത് ഷായുടെ കീഴിലുള്ള കേന്ദ്ര സേന ബി.ജെ.പിയുടെ സ്വകാര്യ സൈന്യമായി മാറിയിരിക്കുന്നു. ബംഗാൾ ജനതക്ക് നേരെ ലൈസൻസുള്ള ഒരു കൂട്ടം ഗുണ്ടകൾ അഴിച്ചുവിട്ടു. ഉദയനാരായണൻപൂരിൽ, ഒരു വയോധികൻ മകനോടൊപ്പം വോട്ട് ചെയ്യാൻ പോയി. പരസഹായമില്ലാതെ നടക്കാൻ കഴിയാത്തത്ര ദുർബലനായ അദ്ദേഹത്തിന്റെ മകൻ അദ്ദേഹത്തെ ബൂത്തിലേക്ക് കയറാൻ സഹായിക്കാൻ ശ്രമിച്ചു. കേന്ദ്ര സേന ഇരുവരെയും തള്ളിമാറ്റി മർദ്ദിച്ചു. വയോധികൻ കുഴഞ്ഞുവീണു, അംത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി അറിയിച്ചു’ അഭിഷേക് ബാനർജി എക്സിൽ കുറിച്ചു.
കേന്ദ്രസേന സ്ത്രീകളെയും പ്രായമായവരെയും കുട്ടികളെപ്പോലും മർദിക്കുകയാണെന്നും അഭിഷേക് ബാനർജി പറഞ്ഞു. 2021ൽ നിരപരാധികളുടെ രക്തത്തിന് ബി.ജെ.പി കനത്ത വില നൽകി. 2026ൽ അതിലും വലിയ വില നൽകേണ്ടിവരുമെന്നും അഭിഷേക് ബാനർജി പറഞ്ഞു. അതേസമയം അഭിഷേക് ബാനർജിയുടെ ആരോപണങ്ങളോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.