ബംഗളുരു: മകൻ വൃദ്ധസദനത്തിലാക്കി ദിവസങ്ങൾക്കകം മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ കൃഷ്ണമൂർത്തി(81) രാധ(74) എന്നിവരെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിരന്തരം കലഹമുണ്ടാവുക പതിവായതിനാലാണ് മകൻ വിജയ് ഇവരെ വൃദ്ധസദനത്തിലാക്കിയത്. പാചകത്തിന്‍റെ കാര്യവുമായി ബന്ധപ്പെട്ട് മരുമകളുമായി ഇവർ നിരന്തരം വഴക്കിലായതിനാലാണ് വൃദ്ധസദനത്തിലാക്കേണ്ടി വന്നതെന്ന് പറയപ്പെടുന്നു.
2021ലും വിജയ് മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയിരുന്നു. 2023ൽ ഇവരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും ഒരു മാസം മുൻപ് വീണ്ടും ജെ.പി നഗറിലെ മറ്റൊരു വൃദ്ധസദനത്തിലാക്കുകയായിരുന്നു.
ഇവിടെയെത്തിയ സമയത്ത് ദിമ്പതികൾക്ക് വലിയ കുഴപ്പമുള്ളതായി തോന്നിയില്ലെന്ന് കെയർടേക്കറായ ശോഭ മൊഴി നൽകി. തിങ്കളാഴ്ച വൈകുന്നേരം ടി.വി കാണുന്നതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായി. രാധക്ക് സീരിയലും കൃഷ്ണമൂർത്തിക്ക് ഭക്തിഗാനങ്ങളും കാണണമെന്ന് പറഞ്ഞായിരുന്നു വഴക്ക്. വഴക്ക് മൂർച്ഛിച്ചതോടെ ഇവർ മുറിയിലേക്ക് പോയി. ചൊവ്വാഴ്ച പുലർച്ചെ ഇവർ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
ടി.വി കാണാൻ കഴിയാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് മരണത്തിന് പ്രധാന കാരണമെങ്കിലും കാലങ്ങളായി നീണ്ടുനിൽക്കുന്ന വൈകാരിക സമ്മർദ്ദവും തങ്ങൾ ഉപേക്ഷിക്കപ്പെട്ടെന്ന വേദനയുമാകാം ദമ്പതികളുടെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിരിക്കുക എന്ന് വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.