‘മുതിർന്ന സഹോദരൻ, മാർഗദർശി’; മോദിയെ പുകഴ്ത്തി ഭൂട്ടാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന സഹോദരനും മാർഗദർശിയുമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ. തന്‍റെ രാജ്യത്ത് പൊതുജന സേവനത്തിനുള്ള മാർഗനിർദേശം മോദിയിൽനിന്ന് തേടുകയാണെന്നും വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ലീഡർഷിപ് കോൺക്ലേവിൽ മോദിയെ മുന്നിലിരുത്തി ഷെറിങ് തോബ്ഗെ പറഞ്ഞു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

“എന്നെ എപ്പോഴും സഹാ‍യിക്കുകയും മാർഗനിർദേശം തരികയും ചെയ്യുന്ന മുതിർന്ന സഹോദരനായാണ് ഞാൻ താങ്കളെ കാണുന്നത്. നേതൃത്വമെന്നത് പദവിയോ സ്ഥാനമാനങ്ങളോ അല്ല, അത് കാഴ്ചപ്പാടും തീരുമാനങ്ങളെടുക്കാനുള്ള ധൈര്യവും മാറ്റത്തിന് പ്രചോദനം നൽകാനുള്ള കഴിവുമാണ്. സമൂഹത്തെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതും എല്ലാവർക്കും കൂടുതൽ സമൃദ്ധവും സമാധാനപരവും സന്തോഷകരവുമായ ഭാവിയിലേക്ക് നയിക്കുന്നതുമായ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയാണ് നേതൃത്വം.

ചരിത്രം കണ്ട വലിയ നേതാക്കൾ ഏതെങ്കിലും സംഘടനയെയോ രാജ്യത്തെയോ മാത്രം നയിച്ചവരല്ല, അവർ വിപ്ലവകരമായ ചിന്തകൾ ആളുകളിലെത്തിക്കുകയും വികസനം യാഥാർഥ്യമാക്കുകയും ചെയ്തു. എന്‍റെ മുതിർന്ന സഹോദരനായ പ്രധാനമന്ത്രീ, താങ്കളുടെ നേതൃത്വത്തിൽ പത്തുവർഷം കൊണ്ട് ഇന്ത്യ വികസനത്തിന്‍റെ പാതയിൽ എത്തിയിരിക്കുന്നു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിക്കുകയാണ്.

ഭൂട്ടാനിലെ പൊതുജന സേവനം കൂടുതൽ മികച്ചതാക്കാൻ ഞാൻ താങ്കളുടെ നിർദേശങ്ങൾ തേടുകയാണ്” -തോബ്ഗെ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികൾ മോദി രാജ്യത്തിന് നൽകിയ ‘സമ്മാനങ്ങളാ’ണെന്നും ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. സദസിലിരുന്ന മോദി തോബ്ഗെയുടെ സ്തുതി കൂപ്പുകൈകളോടെ സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം.

Tags:    
News Summary - "Elder Brother, Mentor": Bhutan PM Praises PM Modi's Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.