ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മാധ്യമങ്ങളെ കാണുന്നു

പി.എ.സി അധ്യക്ഷനായി മുകുൾ റോയി, പറ്റില്ലെന്ന് ബി.ജെ.പി; ബംഗാൾ നിയമസഭ സമിതിയിൽ നിന്ന് എട്ട് ബി.ജെ.പി എം.എൽ.എമാർ രാജിവെച്ചു

കൊൽക്കത്ത: മുകുൾ റോയിയെ പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധിച്ച് ബംഗാളിൽ വിവിധ നിയമസഭ സമിതികളിൽ നിന്ന് എട്ട് ബി.ജെ.പി എം.എൽ.എമാർ രാജിവെച്ചു.

ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾ റോയി കഴിഞ്ഞ മാസമാണ് രാജിവെച്ച് തൃണമൂലിൽ തിരിച്ചെത്തിയത്. 2017ലായിരുന്നു തൃണമൂൽ വിട്ട് റോയി ബി.ജെ.പിയിലെത്തിയത്. ബംഗാൾ ബി.ജെ.പിയിലെ ഭിന്നതകളെ തുടർന്നായിരുന്നു വീണ്ടും കളംമാറ്റം.

ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചശേഷം പാർട്ടി വിട്ടയാളെ പ്രധാന ചുമതലയിൽ നിയമിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

ചട്ടപ്രകാരം, പ്രതിപക്ഷ പാർട്ടിയുടെ എം.എൽ.എയെയാണ് പി.എ.സി അധ്യക്ഷനാക്കേണ്ടത്. ഈ സ്ഥാനത്തേക്കാണ് മുകുൾ റോയിയെ നിയമിച്ചിരിക്കുന്നത്.

മുകുൾ റോയിയുടെ നിയമനം ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രീയക്കളിയാണ് നടത്തുന്നതെന്നും രാജിവെച്ച ബി.ജെ.പി എം.എൽ.എമാരിലൊരാളായ മനോജ് ടിഗ്ഗ പറഞ്ഞു.

രാജിവെച്ച എം.എൽ.എമാർ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഗവർണർ ജഗ്ദീപ് ധൻകാറിനെ കണ്ട് പരാതി നൽകി.

രാജ്യം മുഴുവൻ ജനാധിപത്യത്തെ വെല്ലുവിളിച്ച് നീക്കങ്ങൾ നടത്തുന്ന ബി.ജെ.പിക്ക് ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് പറയാൻ പോലും അവകാശമില്ലെന്ന് നിയമസഭയിലെ തൃണമൂൽ ഡെപ്യൂട്ടി ചീഫ് വിപ്പ് തപസ് റോയ് പറഞ്ഞു. 

Tags:    
News Summary - Eight BJP MLAs quit as House panel heads to protest Mukul Roy’s appointment as PAC chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.