ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത തോൽവി

കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും സംസ്ഥാനത്തെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത പരാജയം. തിപ്റ്റൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ അദ്ദേഹത്തെ കോണ്‍ഗ്രസിന്‍റെ കെ. ഷദാക്ഷരിയാണ് 17,652 വോട്ടിന് തോൽപിച്ചത്. ഷദാക്ഷരി 71999 വോട്ട് നേടിയപ്പോൾ നാഗേഷിന് ലഭിച്ചത് 54347 വോട്ടാണ്. ജെ.ഡി.എസ് സ്ഥാനാർഥി ശാന്തകുമാരക്ക് 25811 വോട്ട് ലഭിച്ചു.

2008ൽ ഇവിടെ ജയിച്ച നാഗേഷിൽനിന്ന് 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. 2018ൽ മണ്ഡലത്തില്‍നിന്ന് വീണ്ടും വിജയം നേടിയ നാഗേഷ് 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ് ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ തള്ളിക്കളഞ്ഞ കർണാടക ഹൈകോടതി കർണാടക സർക്കാർ ഉത്തരവിൽ വസ്ത്രത്തിനുമേൽ ഏർപ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും  ശരിവെച്ചിരുന്നു. തുടർന്ന് വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - Education Minister BC Nagesh, who implemented the hijab ban, suffered a heavy defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.