ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) സെക്ഷൻ 17 പ്രകാരം തിരച്ചിൽ നടത്തുന്ന സമയത്ത് പൂട്ടിയിട്ടുണ്ടെങ്കിലും കെട്ടിടം മുദ്രവെക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മദ്രാസ് ഹൈകോടതിയിൽ ബോധിപ്പിച്ചു.
ജസ്റ്റിസുമാരായ എം.എസ്. രമേശും വി. ലക്ഷ്മി നാരായണനും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സിനിമാ നിർമാതാവ് ആകാശ് ഭാസ്കരനും വ്യവസായി വിക്രം രവീന്ദ്രനും സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കവെയാണ് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇക്കാര്യം അറിയിച്ചത്.
കേസിന്റെ തുടക്കത്തിൽ തന്നെ കെട്ടിടം മുദ്രവെക്കാനുള്ള ഇ.ഡിയുടെ അധികാരത്തെ കോടതി ചോദ്യംചെയ്തിരുന്നു. ഇ.ഡി ഓരോ ദിവസവും തങ്ങളുടെ അധികാരപരിധി വികസിപ്പിക്കുകയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കെട്ടിടം സീൽ ചെയ്യാൻ അധികാരമില്ലെന്ന് സമ്മതിച്ച സോളിസിറ്റർ ജനറൽ എസ്.വി. രാജു, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം പൂട്ട് തുറക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും എന്നാൽ, സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ അതിന് മുതിർന്നില്ലെന്നും വ്യക്തമാക്കി.
ഹരജിക്കാരുടെ കെട്ടിടങ്ങളിൽ പതിച്ച നോട്ടീസ് നീക്കാനും റെയ്ഡിൽ പിടിച്ചെടുത്ത മുഴുവൻ രേഖകളും ഡിജിറ്റൽ ശേഖരങ്ങളും മറ്റും തിരികെ നൽകാനും ഇ.ഡിയോട് നിർദേശിച്ചിട്ടുണ്ടെന്ന് രാജു കോടതിയെ അറിയിച്ചു.
ഇതേ തുടർന്ന് ഇടക്കാല ഹരജികളിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനായി മാറ്റിവെച്ച കോടതി പ്രധാന ഹരജികളിൽ നാലാഴ്ചക്കുശേഷം വാദം കേൾക്കുമെന്ന് പറഞ്ഞ് കേസ് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.