'ആരെയും അറസ്റ്റ് ചെയ്യാം, ഇ.ഡിക്ക് പൊലീസിനെക്കാളും അധികാരം'; വിമർശനവുമായി അശോക് ഗെഹ്ലോട്ട്

ജയ്പൂർ: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇ.ഡിക്ക് പൊലീസിനെക്കാളും അധികാരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷപാർട്ടികളിലെ നിരവധി നേതാക്കളെ ഇ.ഡി അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പരാമർശം. പ്രവൃത്തികളെ ന്യായീകരിക്കേണ്ട അവശ്യം പോലും അവർക്കില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ ബജറ്റ് പദ്ധതികളുടെ അവലോകന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്ത് ഒരു മതത്തിന്‍റെ രാഷ്ട്രീയമാണ് നടക്കുന്നത്. രാജ്യം ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ആളുകൾ ആശങ്കയിലാണ്, പക്ഷെ ഇ.ഡിയെ ഭയന്ന് അവർക്ക് സംസാരിക്കാൻ കഴിയുന്നില്ല.'- ഗെഹ്ലോട്ട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിച്ച കേസിൽ ശിവസേന നേതാവ് സജയ് റാവുത്തിനെ ബുധനാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയെയും അവരുടെ സഹായി അർപിത മുഖർജിയെയും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതികേസിൽ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. അർപിതയുടെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

അതേസമയം, രാജസ്ഥാനിൽ സമാധാന-അഹിംസാ വകുപ്പ് രൂപീകരിക്കുമെന്ന് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധാനവും അഹിംസയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വകുപ്പ് രൂപീകരിക്കുന്നത്.

Tags:    
News Summary - ‘ED given more powers than police’: Rajasthan CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.