ബാഹുബലി ഷാ
അഹ്മദാബാദ്: ‘ഗുജറാത്ത് സമാചാർ’ പത്ര ഉടമകളിൽ ഒരാളായ ബാഹുബലി ഷായെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഇദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിലെടുത്തതെന്ന് പത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗുജറാത്ത് സമാചാറിന്റെ ഉടമസ്ഥരായ ലോക് പ്രകാശൻ ലിമിറ്റഡ് ഡയറക്ടറാണ് ബാഹുബലി ഷാ. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശ്രേയാൻഷ് ഷായാണ് ദിനപത്രത്തിന്റെ മാനേജിങ് എഡിറ്റർ. അഹ്മദാബാദിലെ ജി.എസ്.ടി.വി പരിസരത്ത് ആദായനികുതി വകുപ്പ് 36 മണിക്കൂർ നീണ്ട പരിശോധന നടത്തിയിരുന്നു. ഐ.ടി ഉദ്യോഗസ്ഥർ പോയതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകുന്നേരം ഇ.ഡിയും റെയ്ഡ് നടത്തി. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.
അതേസമയം, കസ്റ്റഡിയിലെടുത്ത വിവരമോ കാരണമോ ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യ-പാക് സംഘർഷ ഘട്ടങ്ങളിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാറിനെയും വിമർശിച്ചതിന്റെ പേരിലാണ് ഷായെ ഇ.ഡി കസ്റ്റഡിയിലെടുത്തതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരും ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്യാത്തവരും ജയിലിൽ പോകേണ്ടിവരുമെന്നാണ് സംഭവം നൽകുന്ന പാഠമെന്ന് എക്സിലെ ഒരു പോസ്റ്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറിച്ചു. ‘‘വിമർശകരെ അറസ്റ്റ് ചെയ്യുന്നത് ഏകാധിപതിയുടെ ആദ്യലക്ഷണമാണെന്ന് മോദി നേരത്തെ തെളിയിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
25 വർഷമായി കേന്ദ്രത്തെ വിമർശിക്കുന്ന റിപ്പോർട്ടുകൾ പത്രം പുറത്തുവിടുന്നതിനാൽ ഗുജറാത്ത് സമാചാറും അതിന്റെ ഉടമകളും സർക്കാർ നിരീക്ഷണത്തിലാണെന്ന് ഗുജറാത്ത് എം.എൽ.എയും കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ ജിഗ്നേഷ് മേവാനി വിമർശിച്ചു. കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര, കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് തുടങ്ങിയവരെല്ലാം നടപടിയെ വിമർശിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.