വിശാഖപട്ടണം: ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷനിലുള്ള പൊതുജനവിശ്വാസത്തിൽ ഗണ്യമായ ഇടിവ് ഉണ്ടായതായി സർവേ ഡാറ്റ. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും സമഗ്രതയെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രവണത ശക്തിപ്പെടുകയും ചെയ്തു.
സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ ‘ലോക്‌നീതി’ പ്രോഗ്രാം നടത്തിയ പോസ്റ്റ്-പോൾ സർവേയിൽ 2019നും 2025നും ഇടയിൽ തെരഞ്ഞെടുപ്പ് കമീഷനിൽ ‘ഉയർന്ന വിശ്വാസം’ പ്രകടിപ്പിക്കുന്ന വോട്ടർമാരുടെ ശതമാനത്തിൽ ഗണ്യമായ കുറവുണ്ടായതായി വെളിപ്പെടുത്തുന്നു.
മധ്യപ്രദേശിലാണ് ഏറ്റവും വലിയ ഇടിവു രേഖപ്പെടുത്തിയത്. അവിടെ ഉയർന്ന വിശ്വാസ്യതയുള്ളവരുടെ എണ്ണം 57ശതമാനമായിരുന്നത് ഇപ്പോൾ17 ശതമാനമായി കുറഞ്ഞു. ഡൽഹിയിൽ ഇത് 60 ശതമാനത്തിൽ നിന്ന് 21ശതമാനം ആയും ഉത്തർപ്രദേശിൽ 56 ശതമാനത്തിൽ നിന്ന് 21ശതമാനമായും കുറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതിയിൽ വിശ്വാസമില്ലാത്ത വോട്ടർമാരുടെ കണക്ക് മധ്യപ്രദേശിൽ ഏതാണ്ട് നാലിരട്ടിയായി (6ശതമാനം മുതൽ 22ശതമാനം വരെ). ഡൽഹിയിൽ ഏകദേശം മൂന്നിരട്ടിയും (11ശതമാനം മുതൽ 30ശതമാനം വരെ).
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 19 സംസ്ഥാനങ്ങളിൽ നടത്തിയ ഒരു സർവേയിൽ പ്രതികരിച്ചവരിൽ 14ശതമാനം പേർക്ക് ഇ.സിയിൽ ഉറച്ച വിശ്വാസമില്ലെന്ന് ‘ലോക്‌നീതി’ കണ്ടെത്തി. അതേസമയം 9ശതമാനം പേർക്ക് തീർത്തും വിശ്വാസമില്ലായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരുടെ അനുപാതം യഥാക്രമം 7ഉം 5ഉം ശതമാനം ആയിരുന്നു.
ഇന്നത്തെ ചൂടേറിയ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുജനവിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഈ സ്ഥിതിവിവരക്കണക്കുകൾ കൂടി പുറത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറാണ് അതിന്റെ ഉത്തേജകം. ബിഹാറിലെ സസാറാമിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഇൻഡ്യാ ബ്ലോക്കിന്റെ 16 ദിവസത്തെ ‘വോട്ടർ അധികാർ യാത്ര’ രണ്ടാംദിനത്തിലേക്ക് കടന്നിരിക്കുന്നു.
ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ പേരിൽ ബി.ജെ.പി സർക്കാർ പുതിയ വോട്ടർമാരെ ചേർത്ത് വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും രാജ്യമെമ്പാടും വോട്ടു മോഷണം നടക്കുന്നുവെന്നും രാഹുൽ റാലിയിൽ പറഞ്ഞു. എന്നാൽ, ആരോപണങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാതെ ‘വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂർവമായ ശ്രമം’ നടത്തുന്നു എന്നായിരുന്നു ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം.
ആഗസ്റ്റ് 14 ന് സുപ്രീംകോടതി സംസ്ഥാനത്തെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരുടെ വിശദമായ പട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി. ‘വോട്ടർമാരുടെ ആത്മവിശ്വാസം പ്രചോദിപ്പിക്കുന്നതിന് ഉയർന്ന തലത്തിലുള്ള സുതാര്യത ആവശ്യമാണ്’ എന്ന് കോടതി ഊന്നിപ്പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.