ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിൽ കാര്യക്ഷമത ഉറപ്പ് വരുത്താത്ത സോഫ്റ്റ്‍വെയർ ഉപയോഗിച്ചതിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നുവെന്ന് റിപ്പോർട്ടേർസ് കളക്‌ടീവ്. പശ്ചിമബംഗാളിൽ 1.31 കോടിയും, മധ്യപ്രദേശിൽ 2.35 കോടിയും പേരുടെ യോഗ്യതയാണ് വോട്ടർ പട്ടികയിൽ സംശയാസ്പദമെന്ന് അടയാളപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ അത് 17.11 ശതമാനവും, മധ്യപ്രദേശിൽ 41.22 ശതമാനവും വോട്ടർമാരുടെ അവകാശത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
എസ്.ഐ.ആർ പ്രക്രിയ നടക്കുന്ന മറ്റ് 10 സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് വേറെയും ആൾക്കാർ യോഗ്യത സംശയകരമെന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. സാധാരണ സംഭവിക്കാവുന്ന പൊരുത്തക്കേടായാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതിനെ ന്യായീകരിക്കുന്നത്. എസ്.ഐ.ആർ പ്രക്രിയ ഇപ്പോൾ നടക്കുന്ന 12 സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യവുമല്ല.
യോഗ്യത സംശയകരമെന്ന് വേർതിരിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ പ്രവർത്തിക്കുന്നത് 20 വർഷം മുമ്പുള്ള വോട്ടർ പട്ടികയുടെ ഡിജിറ്റൽവൽക്കരണത്തെ ആശ്രയിച്ചാണ്. ഇപ്പോൾ എസ്.ഐ.ആർ നടക്കുന്ന 12 സംസ്ഥാനങ്ങളിലും ഡിജിറ്റൽവൽക്കരണത്തിന്‍റെ ആധികാരികത തിട്ടപ്പെടുത്താൻ ടെസ്റ്റ് നടത്തിയില്ല. വോട്ടർമാരുടെ യോഗ്യത സംബന്ധിച്ച് സംശയം ഉളവായാൽ അതാത് നിയോജകമണ്ഡലത്തിലെ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ ഔപചാരിക ഹിയറിങ് നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ചട്ടം.
എന്നാൽ കമ്പ്യൂട്ടറിൽ ഉളവാകുന്ന സംശയം ദൂരീകരിക്കാൻ വോട്ടർമാർ എന്ത് തെളിവ് ഹാജരാക്കണമെന്ന് കമീഷൻ രേഖാമൂലം വ്യക്തമാക്കിയിട്ടില്ല. പശ്ചിമ ബംഗാളിന്‍റെ കാര്യത്തിൽ കഴിഞ്ഞ ഡിസംബറിൽ തയ്യാറാക്കിയ പട്ടികയിൽ 1.31 കോടി പേരെ സംശയകരമെന്ന് വേർതിരിച്ചിരുന്നു. എന്നാൽ ജനുവരി രണ്ടിനുള്ള പട്ടികയിൽ അത് 95 ലക്ഷമായി കുറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍റെ സോഫ്റ്റ്‍വെയർ സംശയകരമെന്ന് വേർതിരിച്ച 34 ലക്ഷം പേരുടെ പ്രശ്നം എങ്ങനെ പരിഹരിച്ചുവെന്നതിന് വിശദീകരണം പുറത്തു വിട്ടിട്ടുമില്ല.
എസ്.ഐ.ആർ പ്രക്രിയ പുരോഗമിക്കുമ്പോൾ കമീഷൻ സോഫ്റ്റ്‍വെയറിൽ ആവർത്തിച്ച് ഇടപെടൽ നടത്തിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ടേർസ് കളക്‌ടീവ് സ്ഥിരീകരിക്കുന്നുണ്ട്. സംശയകരമെന്ന് കാണിച്ച വോട്ടർമാരുടെ എണ്ണം ക്രമേണ കുറയുകയും ചെയ്തിട്ടുണ്ട്. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരും നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഓഫീസർമാരുമാണ് തിരുത്തലുകൾ വരുത്തിയിട്ടുള്ളത്.
കോടിക്കണക്കിന് വോട്ടർമാരുടെ അവകാശവും യോഗ്യതയും അട്ടിമറിക്കുന്ന, കാര്യക്ഷമതയോ വിശ്വാസ്യതയോ ഉറപ്പ് വരുത്തിയിട്ടില്ലാത്ത സോഫ്റ്റ്‍വെയറിന്‍റെ ഉപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ എന്തെങ്കിലും രേഖകളോ പ്രോട്ടോക്കോളോ ഉത്തരവുകളോ പുറത്തു വിട്ടിട്ടില്ലെന്നും റിപ്പോർട്ടേർസ് കളക്‌ടീവ് ചൂണ്ടിക്കാട്ടുന്നു.
ലഖ്നോ: യു.പിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) വിതരണം ചെയ്ത ഫോമുകൾ ഏറ്റവുമധികം തിരിച്ചുകിട്ടാതിരുന്നത് കാൺപൂർ നഗർ, ബൽറാംപൂർ, ഗാസിയാബാദ്, ലഖ്നോ എന്നിവിടങ്ങളിൽ. ഏറ്റവും കുറവുപേർ പട്ടികയിൽ നിന്ന് പുറത്തായത് ബുന്ദേൽഖന്ദ് മേഖലയിലെ ലളിത്പുർ, ഹാമിർപുർ, മഹോബ, ഝാൻസി തുടങ്ങിയ ജില്ലകളിലാണ്. ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് കരട് തെരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ 2.89 കോടി വോട്ടർമാരെ ഒഴിവാക്കുകയും 12.55 കോടി പേരെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.
മരണം, സ്ഥിരമായി താമസം മാറൽ, ഒന്നിലധികം ഇടങ്ങളിലെ പേരുചേർക്കൽ തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ആളുകളെ ഒഴിവാക്കിയത്. ലഖ്നോവിലാണ് ഏറ്റവും കൂടുതൽ ഫോമുകൾ തിരിച്ചുവരാത്തത്. ഇവിടെ ഇത്തരത്തിൽ 12 ലക്ഷം ഫോമുകൾ കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.