എസ്‌.ഐ.ആർ: ബംഗാളിൽ ബൂത്ത് ഡ്യൂട്ടി നിരസിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) ചുമതലകൾ ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബറോട് കൂടി സംസ്ഥാനത്ത് നടക്കാനിരിക്കുന്ന വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണവും (എസ്‌.ഐ.ആർ) അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ബി.‌എൽ‌.ഒമാരുടെ ജോലിക്കായി ചുമതലപ്പെടു​ത്തുന്നത്.

ബി‌.എൽ‌.ഒ ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടിട്ടും അവ ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകരെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് കൊൽക്കത്തയിലെ ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ) തിരഞ്ഞെടുപ്പ് കമീഷന് അയയ്ക്കും. സി.ഇ.ഒയുടെ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിൽ അത്തരം അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ ഇ.സി.ഐ ശുപാർശ ചെയ്യുമെന്നും തുടർന്ന് സി.ഇ.ഒയുടെ ഓഫീസ് നടപടിയെടുക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ സ്‌കൂളുകളിലെ അധ്യാപകരെ ബി.എൽ.ഒമാരായി നിയമിക്കാനുള്ള കമീഷന്റെ തീരുമാനത്തിൽ എതിർപ്പൊന്നുമില്ലെന്ന് കഴിഞ്ഞ മാസം കൽക്കട്ട ഹൈക്കോടതി വിധിച്ചിട്ടുണ്ടായിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് ബി.എൽ.ഒ ചുമതലകൾ സ്വീകരിക്കുന്നതിൽ നിന്നും അധ്യാപകർ വിട്ടുനിൽക്കുന്നത്.

അധ്യാപകരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ ചുമതലപ്പെടുത്താൻ രാജ്യത്തെ നിയമ വ്യവസ്ഥകൾ അനുവദിക്കുന്നുണ്ടെന്നായിരുന്നു ജസ്റ്റിസ് അമൃത സിൻഹയുടെ ഉത്തരവിൽ പറയുന്നത്. കേസിൽ വാദം കേൾക്കുന്നതിനിടെ ആവശ്യമെങ്കിൽ ദേശീയ താൽപര്യം മുൻനിർത്തി അധ്യാപകർ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് ജസ്റ്റിസ് സിൻഹ നിരീക്ഷിച്ചിരുന്നു.

എന്നാൽ, ഹൈക്കോടതി ഉത്തരവിന് ശേഷവും നിരവധി അധ്യാപകർ ബി.എൽ.ഒ ഡ്യൂട്ടി നിരസിക്കുകയാണ്. ഇതിനെതിരെ കമീഷൻ കർശന നടപടി സ്വീകരിക്കുമെന്നും സി.ഇ.ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ബി.എൽ.ഒമാരായി നിയമിക്കുന്നതിനെ പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. ഇത്തരത്തിൽ എതിർപ്പുകൾ ഉയരുന്നതിനിടെയാണ്, ബൂത്ത് ഡ്യൂട്ടി വിസമ്മതിക്കുന്ന അധ്യാപകർ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ഇലക്ടറൽ ഓഫീസർ രംഗ​ത്തെത്തിയത്. അതുകൊണ്ടാണ് പ്രശ്നം കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നും കമീഷൻ നിർദേശിക്കുന്ന ഏതു നടപടിയും സ്വീകരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.

Tags:    
News Summary - ECI To Take Action Against West Bengal Govt School Teachers Refusing BLO Duties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.