'മുസ്ലിംകൾക്കെതിരെ വിദ്വേഷം പരത്തുന്ന കർണാടക ബി.ജെ.പിയുടെ വിഡിയോ ഉടൻ നീക്കം ചെയ്യണം'; എക്‌സിനോട് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സി'നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്'-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

മുസ്ലിം, എസ്‌.സി, എസ്.ടി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി ശത്രുതയും വിദ്വേഷവും വളർത്തുന്നുവെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന ആനിമേഷൻ വിഡിയോ പോസ്റ്റ് ചെയ്തതിന് ബി.ജെ.പി കർണാടക ഘടകത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു.

ബി.ജെ.പി. കർണാടക ഘടകം പുറത്ത് വിട്ട ഇ​സ്‍ലാമോഫോബിയ നിറഞ്ഞ വിഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തിൽ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്ത് വരുമ്പോൾ മുസ്‍ലിം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. എക്സിൽ നാല് മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്.

Tags:    
News Summary - EC directs 'X' to take down Karnataka BJP's animated clip on Muslim quota row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.