ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് കോൺഗ്രസിൽ ഉയരുന്ന അപശബ്ദങ്ങൾക്ക് കനംവെക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് രംഗത്ത്. രാഹുലിനെ തള്ളിപ്പറയുന്നില്ലെങ്കിലും ഉറച്ചതീരുമാനങ്ങളൊന്നും രാഹുൽ എടുക്കുന്നില്ലെന്ന കുറ്റപ്പെടുത്തലാണ് ദിഗ്വിജയ് നടത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മൂന്നിടത്തു ഭരിക്കാൻ സാഹചര്യമൊരുങ്ങിയ കോൺഗ്രസിന് ഗോവയിൽ ഭരണം നഷ്ടപ്പെട്ടതിന് പ്രതിക്കൂട്ടിൽ നിൽക്കുന്നയാളാണ് ദിഗ്വിജയ് സിങ്. പുതിയ കോൺഗ്രസ് കെട്ടിപ്പടുക്കണമെന്ന് ദിഗ്വിജയ് സിങ് ഒരു ചർച്ച പരിപാടിയിൽ അഭിപ്രായപ്പെട്ടു.
പുതിയ മുദ്രാവാക്യവും കർമപരിപാടിയും പുതിയ പ്രവർത്തനശൈലിയും പാർട്ടിക്കു വേണം. രാഹുൽ ഗാന്ധിയെപ്പോലെ അതിനു കഴിയുന്ന മറ്റൊരാളില്ല. പക്ഷേ, രാഹുൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം. അദ്ദേഹം വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് തെൻറ പരാതി. ഉറച്ച നടപടികൾ വേണമെന്ന് താൻതന്നെ പലവട്ടം രാഹുലിനോട് പറഞ്ഞിട്ടുണ്ട്.
മാറുന്ന കാലത്തിനൊത്ത് കോൺഗ്രസിനെ പരുവപ്പെടുത്തണം. മധ്യവർഗത്തിെൻറ അഭിലാഷങ്ങൾ കണക്കിലെടുക്കണം. ഒരേകാര്യം തന്നെ ആവർത്തിക്കുന്നതിന് തന്നോട് അദ്ദേഹം ചിലപ്പോൾ ദേഷ്യപ്പെട്ടിട്ടുമുണ്ട്. പാർട്ടിയുടെ ചുമതല പ്രിയങ്ക ഗാന്ധി ഏറ്റെടുത്തേക്കാനുള്ള സാധ്യതയും ദിഗ്വിജയ് സിങ് തള്ളിക്കളഞ്ഞില്ല. പ്രിയങ്കഗാന്ധി സജീവരാഷ്ട്രീയത്തിലേക്കു വന്നാൽ രാജ്യത്തെ കോൺഗ്രസുകാർക്ക് സന്തോഷമായിരിക്കും.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പിഴവുകളെക്കുറിച്ച് പഠിച്ച് എ.കെ. ആൻറണി കമ്മിറ്റി നൽകിയ റിപ്പോർട്ട് ഗൗരവത്തോടെ എടുത്ത രാഹുൽ ഗാന്ധി, അതേക്കുറിച്ച് 150ലേറെ മുതിർന്ന നേതാക്കളുമായി ചർച്ചചെയ്തതാണ്. 2015 ഫെബ്രുവരി 18നാണ് ആൻറണി റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ പറയുന്നത് പുതിയ കോൺഗ്രസ് രൂപപ്പെടുത്തണമെന്നാണ്. എന്നാൽ, ഒന്നും സംഭവിച്ചില്ല. കോൺഗ്രസിന് നേതൃത്വവും നേതാക്കളുമുണ്ട്. നെഹ്റു^ഗാന്ധി കുടുംബമാണ് കോൺഗ്രസിന് ഏറ്റവും ശക്തി പകരുന്ന ഘടകം. നേതൃത്വത്തിേൻറതല്ല വിഷയം. കോൺഗ്രസിനെ പുനരുദ്ധരിക്കുകയാണ് വേണ്ടത്.
ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപവത്കരിക്കാൻ സാധിക്കാതെ പോയതിന് ദിഗ്വിജയ്സിങ്ങിനെയും സ്ക്രീനിങ് കമ്മിറ്റി ചുമതലയുള്ള കെ.സി. വേണുഗോപാലിനെയും ഗോവ പി.സി.സി പ്രസിഡൻറ് ലൂയിസിേഞ്ഞാ ഫെലേറോ കുറ്റപ്പെടുത്തിയിരുന്നു. പുറത്തുള്ള നാല് സ്വതന്ത്ര എം.എൽ.എമാരുമായി സംസാരിച്ച് ഭൂരിപക്ഷം ഉറപ്പിച്ചതാണെന്നും അന്തിമതീരുമാനം എടുക്കേണ്ടത് ഹൈകമാൻഡ് പ്രതിനിധികളായിരുന്നുവെന്നും അദ്ദഹം പറഞ്ഞു. എന്നാൽ, ആ രാത്രി തീരുമാനമെടുക്കാൻ സാധിച്ചില്ല. ഗവർണർ ക്ഷണിക്കുന്നതു വരെ കാത്തിരിക്കാമെന്നായിരുന്നു നിലപാടെന്നും പി.സി.സി പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.