മദ്യപിച്ചെത്തിയ ഭർത്താവ് മകനെ തലകീഴായി കെട്ടിത്തൂക്കി; ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു

ഭോപാൽ: മധ്യപ്രദേശിലെ ഛത്താർപൂർ ജില്ലയിൽ മദ്യപിച്ചെത്തി മകനെ മർദിച്ച ഭർത്താവിനെ യുവതി തല്ലിക്കൊന്നു. എട്ടുമണിക്കൂറോളം മൃതദേഹത്തിന് കാവലിരുന്നതിന് ശേഷം യുവതി പൊലീസിൽ കീഴടങ്ങി. 27കാരിയായ നീലം കുശ്വാഹയാണ് ഭർത്താവ് ദീൻദയാൽ കുശ്വാഹയെ കൊലപ്പെടുത്തിയത്.

നാലുവർഷത്തോളമായി യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ദീൻദയാൽ മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇയാൾ ബഹളംവെച്ചു. തുടർന്ന് വാതിൽ തുറന്ന മകനെ ഇയാൾ തല കീഴായി കെട്ടിത്തൂക്കി ഉപദ്രവിച്ചതായി നീലം പൊലീസിനോട് പറഞ്ഞു.

കുട്ടിയെ കൂടുതൽ ഉപദ്രവിക്കുമെന്ന ഭയത്തെ തുടർന്ന് നീലം തൊട്ടടുത്തുവെച്ചിരുന്ന വടിയെടുത്ത് ഭർത്താവിനെ അടിക്കുകയായിരുന്നു. ആദ്യത്തെ അടിയിൽതന്നെ ദീൻദയാൽ കട്ടിലിലേക്ക് വീണു. തുടർന്ന് തുടർച്ചയായി വടികൊണ്ട് ഇയാളെ അടിച്ചു. ഗുരുതരമായി പരിക്കേറ്റ ദീൻദയാൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

തുടർന്ന് എട്ട് മണിക്കൂറോളം മൃതദേഹത്തിനരികിൽ ഇരുന്ന യുവതി പിന്നീട് സമീപ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചശേഷം നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഉടൻതന്നെ പൊലീസ് നീലത്തിന്റെ വീട്ടിലെത്തി. വീട്ടിനുള്ളിലെ കട്ടിലിൽ ദീൻദയാലിന്റെ മൃതദേഹം ക​ണ്ടെത്തി. പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. നീലത്തിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഭവത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - Drunk Man Hangs Son Upside Down Wife Beats Him To Death With Stick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.