ലഖ്നോ: ഉത്തർപ്രദേശിൽ മദ്യപിച്ചെത്തിയ പിതാവ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു. ബിജിനോറിലാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇതുസംബന്ധിച്ച പരാതി ലഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗോപാൽ സിങ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
കൊൽക്കത്തയിൽ മുത്തശ്ശിക്കടുത്ത് ഉറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം മോചിതമാവും മുമ്പാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്തയിലെ ഹൂഗ്ളിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. താരകേശ്വറിലെ റെയിൽവേ ഷെഡിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ചെ കുഞ്ഞിനെ അക്രമി തട്ടിക്കൊണ്ടുപോയത്.
ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച ഉച്ചയോടെ താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം കുട്ടിയെ വിവസ്ത്രയായി രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താരകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കൊതുകുവലക്ക് കീഴിൽ ഒരു കട്ടിലിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കൊതുകുവല കീറി എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബഞ്ചാര സമുദായത്തിൽ പെട്ട കുടുംബത്തിന് സ്വന്തമായി വീടില്ലാത്തതോടെ തെരുവിലാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.