ബോളിവുഡിനെ മുംബൈയിൽനിന്ന്​ 'കടത്താൻ' ബി.ജെ.പി സൃഷ്​ടിച്ചതാണ്​ മയക്കുമരുന്ന്​ കേസെന്ന്​ മഹാരാഷ്​ട്ര മന്ത്രി

മുംബൈ: ബോളിവുഡിനെ മുംബൈയിൽനിന്ന്​ 'കടത്താൻ' ബി.ജെ.പിയുടെ ഗൂഡാലോചനയാണ്​ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസെന്ന്​ മഹാരാഷ്​ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്​. നോയിഡയിൽ ഫിലിം സിറ്റി സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ സിനിമ രംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു നവാബ്​ മാലിക്കിന്‍റെ പ്രതികരണം.

'മുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസ്​ ബോളിവുഡിനെ മുംബൈയിൽനിന്ന്​ മാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമമല്ലാതെ മറ്റൊന്നുമല്ല' -മാധ്യമങ്ങളോട്​ നവാബ്​ മാലിക്​ പറഞ്ഞു.

നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ സോണൽ ഡയറക്​ടർ സമീർ വാങ്കഡെക്ക്​ ഭയമാണെന്നും അതിനാലാണ്​ അറസ്റ്റിൽനിന്ന്​ സംരക്ഷണം ആവശ്യപ്പെട്ട്​​ ബോംബെ ഹൈകോടതിയെ സമീപ​ിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'സ്​ഥിതി മുഴുവൻ മാറിയിരിക്കുന്നു. ആര്യൻ ഖാനെ എൻ.സി.ബി ഓഫിസിലേക്ക്​ വലിച്ചിഴച്ച കിരൺ ഗോസാവി ഇപ്പോൾ ജയിലിലാണ്​. ആര്യൻ ഖാനും മറ്റുള്ളവർക്കും ജാമ്യം ലഭിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന ഒരാൾ കഴിഞ്ഞദിവസം കോടതിയുടെ വാതിലിൽ മുട്ടിയിരുന്നു' -നവാബ്​ മാലിക്​ പറഞ്ഞു.

ആര്യൻ ഖാൻ കേസിലെ പ്രധാന സാക്ഷിയായ കിരൺ ഗോസാവിയെ കഴിഞ്ഞദിവസം പുണെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. കേസിലെ വിവാദ സാക്ഷി കൂടിയാണ്​ ഇയാൾ. കപ്പലിൽ എൻ.സി.ബി റെയ്​ഡ്​ നടത്തു​േമ്പാൾ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന്​ പിന്നാലെ ആര്യനോടൊപ്പം ഗോസാവിയെടുത്ത സെൽഫി വൈറലായിരുന്നു.

ഗോസാവിക്കെതിരെ വർഷങ്ങൾക്ക്​ മുമ്പ്​ ഒരു വഞ്ചന കേസുണ്ടായിരുന്നു. തുടർന്ന്​ ലുക്ക്​ഔട്ട്​ നോട്ടീസ്​ ​പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. 2018ലെ ഈ കേസുമായി ബന്ധപ്പെട്ടാണ്​ ഗോസാവിയുടെ അറസ്റ്റ്​.

'അറസ്റ്റിൽനിന്ന്​ സംരക്ഷണം ആവശ്യപ്പെട്ട്​ സമീർ വാങ്കഡെ ​ബോംബെ ​ൈഹകോടതിയെ സമീപിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസിനെയും സമീപിച്ചിരുന്നു. അദ്ദേഹം എന്തെങ്കിലും തെറ്റ്​ ചെയ്​തിരിക്കാം. അതിനാലാണ്​ തനിക്കെത​ിരെ നടപടിയെടു​ക്കുമോയെന്ന അദ്ദേഹത്തിന്‍റെ ഭയം' -മാലിക്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Drugs case a conspiracy by BJP to move Bollywood out of Mumbai Nawab Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.