മോസ്കോയിലെ ഡ്രോൺ ആക്രമണം; ആകാശത്തു കുടുങ്ങി കനിമൊഴിയടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം സഞ്ചരിച്ച വിമാനം

മോസ്കോ: നഗരത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന് കനിമൊഴി എംപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സർവകക്ഷി സംഘം സഞ്ചരിച്ച വിമാനം ഇറങ്ങുന്നതിന് കാലതാമസം നേരിട്ടു. വിമാനം നിലത്തിറങ്ങുന്നതിനു മുമ്പ് നിരവധി തവണ വട്ടമിട്ടു പറക്കേണ്ടി വന്നു.

ഡ്രോണാക്രമണ ഭീഷണി ഒഴിവായതിനെ തുടർന്നാണ് വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങിയത്. ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായുള്ള നടപടികൾ വിശദീകരിക്കാനാണ് ഇന്ത്യൻ പ്രതിനിധി സംഘം റഷ്യയിലെത്തിയത്.

പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള സർക്കാരിന്റെ നയതന്ത്ര നീക്കത്തിന്റെ ഭാഗമാണ് 32 രാജ്യങ്ങളിലേക്ക് ഏഴ് പ്രതിനിധി സംഘങ്ങൾ നടത്തുന്ന സന്ദർശനം. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങൾ സംഘം റഷ്യൻ അധികൃതരോട് വിശദീകരിക്കും.

കനിമൊഴി നയിക്കുന്ന സംഘത്തിൽ സമാജ്‌വാദി പാർട്ടി എംപി രാജീവ് റായ്, നാഷനൽ കോൺഫറൻസ് എംപി മിയാൻ അൽതാഫ് അഹമ്മദ്, ബിജെപി എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗക്ത, ആർജെഡി എംപി പ്രേംചന്ദ് ഗുപ്ത, എഎപി എംപി അശോക് കുമാർ മിത്തൽ, മുൻ അംബാസഡർ മഞ്ജീവ് സിങ് പുരി, എൻസിപി എംപി ജാവേദ് അഷ്‌റഫ് എന്നിവരാണുള്ളത്. റഷ്യ കൂടാതെ, സ്ലോവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിൻ എന്നിവയും പ്രതിനിധി സംഘം സന്ദർശിക്കും.

Tags:    
News Summary - Drone attack in Moscow; Indian delegation plane including Kanimozhi stranded in mid-air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.