മുംബൈ: ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹികപ്രവര്‍ത്തകയുമായ ശീതള്‍ ആംതെ കരജ്ഗിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നാഗ്പൂരിലെ ഫാർമസിസ്റ്റിൽ നിന്നും ശീതൾ വാങ്ങിയെന്ന് കരുതുന്ന നായ്ക്കൾക്ക് കുത്തിവെക്കുന്ന മരുന്നിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ ആനന്ദ്വനിലുള്ള വീട്ടില്‍ തിങ്കളാഴ്ചയാണ് ശീതളിനെ വിഷംകഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബാബാ ആംതെയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതൾ. കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം വന്നവരെ സഹായിക്കാൻ വറോറയിൽ പ്രവർത്തിക്കുന്ന സംഘടനയായ മഹാരോഗി സേവാ സമിതിയുടെ (ലെപ്രസി സർവിസ് കമ്മിറ്റി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ബോർഡ് അംഗവുമായിരുന്നു.
നായ്ക്കൾക്കുള്ള അഞ്ച് കുത്തിവെപ്പ് മരുന്നുകളാണ് അവർ ഓർഡർ ചെയ്തിരുന്നത്. അതിൽ ഒന്ന് ശരീരത്തിനടുത്തായാണ് കാണപ്പെട്ടത്. ശീതൾ അഞ്ച് കുത്തിവെപ്പ് മരുന്നുകൾ വാങ്ങിയതായി നാഗ്പൂരിലെ ഫാർമസിസ്റ്റ് അന്വേഷണത്തിനിടെ സ്ഥിരീകരിച്ചു.
പരേതനായ മുത്തശ്ശൻ ബാബ ആംതെ തുടങ്ങി വെച്ച ആനന്ദവൻ റിഹബിലിറ്റേഷൻ സെൻററിൻെറ നടത്തിപ്പിൽ നേരിട്ട വിവേചനമാണ് ശീതളിൻെറ മരണത്തിന് പിന്നിലെന്ന് ഭർത്താവും ബന്ധുക്കളും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആംതെ കുടുംബത്തിനയച്ച കത്തിലൂടെ ശീതളിൻെറ ഭർതൃപിതാവും ബന്ധുക്കളും തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയായിരുന്നു.
ശീതളിൻെറ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുകയില്ലെന്ന് ഭർത്താവ് ഗൗതം വ്യക്തമാക്കിയിരുന്നു. 'ശീതൾ ഇനി മടങ്ങി വരില്ല. ഞങ്ങളുടെ മകൻ ശർവിലിന് ആറുവയസ് മാത്രമാണ് പ്രായം. അവനാണ് എൻെറ ഏറ്റവും വലിയ ഉത്തരവാദിത്വം. അവൻ അമ്മയെ കുറിച്ച് ചോദിക്കുേമ്പാൾ എന്ത് ഉത്തരം നൽകുമെന്നതിനെ കുറിച്ചാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്' -ഗൗതം പറഞ്ഞു.
കുറച്ചുദിവസങ്ങളായി ശീതൾ വളരെ മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച മഹാരോഗി സേവാ സമിതിയുടെ പ്രവർത്തനത്തെയും ട്രസ്റ്റികളുടെ ക്രമക്കേടുകളെയും ശീതൾ ഫേസ്ബുക്ക് ലൈവിലൂടെ വിമർശിച്ചിരുന്നതായി മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഇത് പിൻവലിക്കുകയും ചെയ്തു.
മരണ ദിവസം പുലര്‍ച്ചെ 5.45ന് 'വാര്‍ ആന്‍ഡ‍് പീസ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷമാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.