ന്യൂഡൽഹി: ഇന്റർനെറ്റ് സേവനങ്ങൾക്കായി പരമാവധി പൊതുമേഖല സ്ഥാപനങ്ങളെ ആശ്രയിക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നിർദേശവുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ് (ഡി.ഒ.ടി). ഡേറ്റ സുരക്ഷയടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. പൊതുമേഖല ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എം.ടി.എൻ.എൽ) എന്നിവയുടെ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നൽകിയ കത്തിൽ പറയുന്നു.
സർക്കാർ കരാറുകളിൽനിന്നുള്ള വരുമാനം എല്ലാ സ്വകാര്യ ടെലികോം കമ്പനികളുടെയും ഇന്റർനെറ്റ് സേവനദാതാക്കളുടെയും വരുമാനത്തിന്റെ പ്രധാന ഭാഗമാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിർദേശം നടപ്പാകുന്നത് സ്വകാര്യ സേവന ദാതാക്കൾക്ക് തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ടെലികോം വ്യവസായത്തിന്റെ ക്രമീകരിച്ച മൊത്ത വരുമാനം 2,23,799 കോടി രൂപയായിരുന്നു. ഇതിൽ 92 ശതമാനത്തിലധികം വിഹിതവും സ്വകാര്യ കമ്പനികളുടേതാണ്.
സംസ്ഥാന സർക്കാറുകൾക്ക് ഉയർന്ന തലത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ ഒരു നോഡൽ പോയന്റ് എന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ഡി.ഒ.ടി സെക്രട്ടറി നീരജ് മിത്തൽ കത്തിൽ വ്യക്തമാക്കുന്നുണ്ട്. 2019 മുതൽ മൂന്ന് പുനരുജ്ജീവന പാക്കേജുകളുടെ ഭാഗമായി ബി.എസ്.എൻ.എല്ലിലും എം.ടി.എൻ.എല്ലിലും 3.22 ലക്ഷം കോടി രൂപ സർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. 18 വർഷത്തിന് ശേഷം കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിൽ ബി.എസ്.എൻ.എൽ തുടർച്ചയായി ലാഭത്തിലായിരുന്നു. സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ 280 കോടിയുടെ ലാഭമാണ് ബി.എസ്.എൻ.എല്ലിനുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.