ന്യൂഡൽഹി: ജാതി അധിക്ഷേപത്തിലും സമൂഹത്തിെൻറ പൊതുധാരയിൽനിന്നുള്ള ഒറ്റപ്പെടലിലും നിന്ന് രക്ഷനേടി മറ്റു പിന്നാക്ക വിഭാഗ (ഒ.ബി.സി) പട്ടികയിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ എട്ട് പട്ടികജാതി വിഭാഗങ്ങൾ രംഗത്ത്. പല്ലൻ, കുഡുംബൻ, പന്നാടി, ദേവേന്ദ്രകുലന്താൻ, കടയൻ, കാലാടി, വാതിരിയൻ എന്നീ പട്ടികജാതി വിഭാഗത്തിൽപെട്ടവരാണ് തങ്ങളെ ദേവേന്ദ്രകുല വെള്ളാളർ എന്ന ഒറ്റ ജാതിയാക്കി പരിഗണിച്ച് ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.
പുതിയ തമിഴകം പാർട്ടി പ്രസിഡൻറും രണ്ടുതവണ തമിഴ്നാട് നിയമസഭാംഗവുമായിരുന്ന ഡോ. ഡി. കൃഷ്ണ സ്വാമിയുടെ നേതൃത്വത്തിൽ ഇൗ ആവശ്യവുമായി എട്ട് ജാതികളിലും െപട്ടവർ ഡൽഹിയിൽ എത്തി. ഇൗ വർഷം ഒക്ടോബർ ആറിന് ചെന്നൈയിൽ ‘ദേവേന്ദ്രകുല വെള്ളാളർ സ്വത്വം തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യവുമായി ആഗോള സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരെ അടക്കം കണ്ട് സമ്മർദം ചെലുത്താൻ എത്തിയത്. കാലങ്ങളായി കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന തങ്ങൾക്ക് ക്ഷേത്രങ്ങളിൽ അടക്കം ബഹുമാനം ലഭിച്ചിരുന്നുവെന്ന് കൃഷ്ണസ്വാമി പറയുന്നു. എന്നാൽ, ബ്രിട്ടീഷുകാരാണ് പട്ടികജാതിയിൽ എട്ട് ഉപജാതികളെയും ഉൾപ്പെടുത്തിയത്.
പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ ദേവേന്ദ്രകുല വെള്ളാളർ സമുദായത്തിന് സംസ്കാരവും പാരമ്പര്യവും സ്വത്വവും നഷ്ടപ്പെട്ടു. പട്ടികജാതിക്കാർ എന്ന് വിളിക്കുന്നത് ആത്മാഭിമാനത്തിന് നാണക്കേടായാണ് സമുദായത്തിലെ ചെറുപ്പക്കാർക്കും മുതിർന്നവർക്കും തോന്നുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിൽ വാടകക്ക് താമസിക്കുന്ന ഇൗ ജാതികളിൽ പെട്ടവർ വീട് ലഭിക്കാൻ ജാതി മറച്ചുവെക്കേണ്ടിവരുന്നു. ഭരണഘടനയുടെ 341 (2) വകുപ്പ് പ്രകാരം പാർലമെൻറിന് ഒരു നിയമം പാസാക്കി തങ്ങളെ എസ്.സി പട്ടികയിൽനിന്ന് ഒഴിവാക്കി മറ്റു പിന്നാക്ക ജാതി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ബി.ജെ.പിയോടും നരേന്ദ്ര മോദിയോടും അനുകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും പുതിയ തമിഴകം പാർട്ടി അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.