കേസ് ഡയറിയിലും കുറ്റപത്രത്തിലും സങ്കീർണമായ ഉർദു, പേർഷ്യൻ വാക്കുകൾ ഉപയോഗിക്കരുത് -ഉത്തരവുമായി ഡൽഹി പൊലീസ് കമ്മീഷണർ

ന്യൂഡൽഹി: എഫ്.ഐ.ആര്‍, കേസ് ഡയറി, ചാര്‍ജ്ഷീറ്റ് എന്നിവയില്‍ സങ്കീർണമായ ഉർദു-പേര്‍ഷ്യന്‍ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണറുടെ നിർദേശം. പരാതി നല്‍കുന്നവര്‍ക്കും അറസ്റ്റിലാകുന്നവർക്കും ഒരുപോലെ മനസിലാകുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കേണ്ടതെന്ന നിര്‍ദേശവും കമ്മീഷണര്‍ സഞ്ജയ് അറോര പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഉർദു- പേര്‍ഷ്യന്‍ വാക്കുകള്‍ക്ക് പകരം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള 383 വാക്കുകള്‍ അടങ്ങുന്ന പട്ടിക പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുമുണ്ട്. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, ജോയിന്റ് കമ്മീഷണര്‍മാര്‍, പൊലീസ് ആസ്ഥാനത്തെ എ.സി.പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഉത്തരവ് കൈമാറിയത്.

ഉദാഹരണമായി അഹം എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല. വിശേഷ് അല്ലെങ്കിൽ സ്​പെഷ്യൽ ഉപയോഗിക്കാം. മുജ്റിം എന്ന വാക്കിന് നിരോധനമുണ്ട്. എന്നാൽ അപരാധി, കുറ്റവാളി എന്നീ വാക്കുൾ ഉപയോഗിക്കാം.

2019ല്‍ ഡല്‍ഹി ഹൈക്കോടതി പൊലീസ് ഉദ്യോഗസ്ഥരോട് സങ്കീര്‍ണമായ പേര്‍ഷ്യന്‍, ഉര്‍ദു വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉര്‍ദുവിലോ പേര്‍ഷ്യനിലോ ഡോക്ടറേറ്റ് നേടിയവര്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും ലളിതമായ ഭാഷയിലോ അല്ലെങ്കിലോ പരാതി സമര്‍പ്പിക്കാന്‍ വരുന്നയാളുടെ ഭാഷയിലോ ആണ് എഫ്.ഐ.ആര്‍ എഴുതേണ്ടതെന്ന് കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് ഡി.എന്‍.പട്ടേലിന്റെയും ജസ്റ്റിസ് ഹരിശങ്കറിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പിന്തുടരാനാണ് സഞ്ജയ് അറോറ ആവശ്യപ്പെട്ടത്.

''എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും ഡയറി ലിസ്റ്റും കുറ്റപത്രവും തയ്യാറാക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പുരാതന ഉർദു, പേര്‍ഷ്യന്‍ വാക്കുകള്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇറക്കുന്ന സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് ഗൗരവമായി കാണുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും''-എന്നാണ് ഉത്തരവില്‍ പറയുന്നത്.

Tags:    
News Summary - Don't use complex urdu, persian words, delhi top cop reminds officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.