ന്യൂഡൽഹി: മാധ്യമങ്ങളോട് മിണ്ടിയാൽ ജയിലിലടക്കേണ്ടിവരുമെന്ന് ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി മുന്നറിയിപ്പ്. എൻ.ആർ.സി അസം കോഒാഡിനേറ്റർ പ്രതീക് ഹജേലയും രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യ അടക്കമുള്ളവരും മാധ്യമങ്ങളോട് സംസാരിച്ച പശ്ചാത്തലത്തിലാണ് മേലിൽ സംസാരിച്ചുപോകരുതെന്ന് സുപ്രീംകോടതി വിലക്കിയത്.
പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ടും ഭാവി നടപടികൾ സംബന്ധിച്ചും അസമിലെ ഉന്നത ഉദ്യോഗസ്ഥർ ‘ഇന്ത്യൻ എക്സ്പ്രസ്’, ‘മാധ്യമം’ തുടങ്ങിയ പത്രങ്ങളുമായി വിശദമായി സംസാരിച്ചതിന് പിറകെയാണ് സുപ്രീംകോടതിയുടെ വിലക്ക്. രജിസ്ട്രാർ ജനറലുമായി സംസാരിച്ചശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും പരാതികൾ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കാനായിരുന്നു അതെന്നും എൻ.ആർ.സി അസം കോഒാഡിനേറ്റർ പ്രതീക് ഹജേല ബോധിപ്പിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. എൻ.ആർ.സിയുടെ കാര്യത്തിൽ സംസാരിക്കുന്നത് ജയിലിൽ അയക്കാവുന്ന കോടതിയലക്ഷ്യമാണെന്ന് അസമിൽനിന്നുതന്നെയുള്ള ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ഒാർമിപ്പിച്ചു.
ഭാവിയിൽ സുപ്രീംകോടതിയുടെ അനുമതിയില്ലാതെ ഇവരാരും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാൻകൂടി അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. ആക്ഷേപങ്ങളെയും പരാതികളെയും കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ നിങ്ങൾക്കുണ്ടോ എന്ന് എൻ.ആർ.സി ഉദ്യോഗസ്ഥരോട് സുപ്രീംകോടതി ചോദിച്ചു. എന്താണ് നിങ്ങൾ പത്രങ്ങളോട് പറഞ്ഞതെന്നും എന്താണ് നിങ്ങളുടെ ആശങ്കയെന്നും ഞങ്ങേളാട് പറയണമെന്നും പറഞ്ഞ് രോഷാകുലനായ ജസ്റ്റിസ് രഞ്ജൻ േഗാഗോയ് പത്രമെടുത്ത് കോടതിയിൽ വായിക്കാൻ ആവശ്യപ്പെട്ടു. കോടതിയുടെ ഉദ്യോഗസ്ഥരാണ് നിങ്ങൾ എന്ന് ഒാർക്കണം. ഞങ്ങളുടെ ഉത്തരവ് നടപ്പാക്കുകയാണ് നിങ്ങളുടെ പണി. രണ്ടു പേരെയും ഞങ്ങൾക്ക് ജയിലിലയക്കാൻ കഴിയുമെന്നും ഹജേലയോടും ശൈലേഷിനോടും ജസ്റ്റിസ് ഗോഗോയ് പറഞ്ഞു. എന്നാൽ, അസമിെൻറ പൗരത്വപ്പട്ടിക തയാറാക്കാനും പ്രസിദ്ധീകരിക്കാനുമുള്ളതുകൊണ്ട് വെറുെത വിടുകയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ഇരുവരും നിരുപാധികം മാപ്പു പറഞ്ഞതോടെ കോടതി കേസ് വീണ്ടും പരിഗണിക്കാനായി 16ലേക്ക് മാറ്റി. പൗരത്വപ്പട്ടികയിൽനിന്ന് 40 ലക്ഷം പേർക്കെതിരെ നിയമ നടപടിയുണ്ടാവില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.