‘ചെങ്കോൽ’ രാഷ്ട്രീയവത്കരിക്കേണ്ട- കേന്ദ്ര മന്ത്രി നിർമല സീതാരാമൻ

ചെന്നൈ: മേയ് 28ന് രാജ്യത്തിന് സമർപ്പിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘ചെങ്കോൽ’ സ്ഥാപിക്കുന്നത് രാഷ്ട്രീയവത്കരിക്കേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വ്യാഴാഴ്ച ചെന്നൈ രാജ്ഭവനിൽ വിളിച്ചുകൂട്ടിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ പാർലമെന്റ് മന്ദിരോദ്ഘാടന ചടങ്ങ് ബഹിഷ്‍കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം പുനഃപരിശോധിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിരോധം പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ കക്ഷികൾ പ്രകടിപ്പിക്കരുതെന്നും അവർ പറഞ്ഞു. രാഷ്ട്രപതി പദവിയെ അങ്ങേയറ്റം ബഹുമാനത്തോടെയാണ് കാണുന്നത്. പ്രതിപക്ഷ പാർട്ടികളെ ലോക്സഭ സെക്രട്ടറി മുഖേന സ്പീക്കർ ഇതിനകം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കുന്ന ചെങ്കോൽ രാജ്യത്തിന്റെ അഭിമാനത്തെയും സ്വാതന്ത്ര്യത്തെയുമാണ് അടയാളപ്പെടുത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ചെങ്കോലിനെ അനാദരിച്ചവർ -ബി.ജെ.പി

ന്യൂഡൽഹി: ഹൈന്ദവ പാരമ്പര്യം അനുസരിച്ച് പവിത്രമായ ചെങ്കോലിനെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സമ്മാനം കിട്ടിയ സ്വർണവടിയെന്നു പറഞ്ഞ് അനാദരിച്ചവരാണ് കോൺഗ്രസുകാരെന്ന് ബി.ജെ.പി. നെഹ്റുവിനെ ചെങ്കോൽ ഏൽപിച്ച സമയമാണ് ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്ക് അധികാര കൈമാറ്റം നടന്ന കൃത്യമായ സമയമെന്ന് ബി.ജെ.പി വക്താവ് അമിത് മാളവ്യ പറഞ്ഞു. എന്നാൽ, ചെങ്കോലിന് അന്തസ്സുള്ള സ്ഥാനം നൽകുന്നതിനു പകരം, നെഹ്റുവിന് കിട്ടിയ സമ്മാനമാണെന്നു പറഞ്ഞ് അലഹബാദ് ആനന്ദ് ഭവനിലേക്ക് കൊണ്ടുപോവുകയാണ് ഉണ്ടായത്.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ലോക്സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനരികെ സ്ഥാപിക്കുന്നു. അത് ജനങ്ങൾക്ക് കാണാൻ പാകത്തിൽ പ്രത്യേകാവസരങ്ങളിൽ പുറത്തെടുത്ത് പ്രദർശിപ്പിക്കുമെന്നും മാളവ്യ പറഞ്ഞു. ഇതിനിെട, പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്ക് ഭരണഘടനാപരമായുള്ള അവകാശം ഒരു മനുഷ്യന്‍റെ ദുരഭിമാനം ഒന്നുകൊണ്ടു മാത്രം നിഷേധിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സ്വയം ഉയർത്തിക്കാട്ടാനുള്ള ത്വരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. 

Tags:    
News Summary - Don't politicize the 'scepter' -Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.