ലഖ്നോ: ഉന്നാവ് പീഡനക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുൽദീപ് സിങ് സെങ്കാറിനെ അറിയില്ലെന്ന വാദവുമായി പെൺകുട് ടി സഞ്ചരിച്ച കാറിൽ ഇടിച്ച ട്രക്കിന്‍റെ ഉടമ. ട്രക്ക് ഉടമയായ ദേവേന്ദർ കിഷോർ പാൽ ലഖ്നോയിലെ സി.ബി.ഐ ഓഫിസിൽ എത്തി മൊഴി നൽകി.
തനിക്ക് എം.എൽ.എയുമായോ അദ്ദേഹത്തിനെ ആളുകളുമായോ ബന്ധമില്ല. കാറിലുണ്ടായിരുന്നവരെയും തനിക്ക് അറിയില്ല. സാധാരണമായ ഒരു അപകടമാണ് സംഭവിച്ചത്. സംഭവത്തിൽ ഗൂഢാലോചനയൊന്നും ഇല്ലെന്നും ട്രക്ക് ഉടമ പറഞ്ഞു.
ട്രക്കിന്‍റെ വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. ട്രക്ക് പിടിച്ചെടുക്കുമെന്ന് നോട്ടീസും കിട്ടിയിരുന്നു. അതിനാൽ നമ്പർ പ്ലേറ്റ് കറുത്ത പെയിന്‍റടിച്ച് മറയ്ക്കാൻ താനാണ് നിർദേശിച്ചത്. ഡ്രൈവറും സഹായിയും രണ്ട് വർഷത്തിലേറെ തന്‍റെ കൂടെയുള്ളവരാണ്. ഇരുവരെയും നേരിട്ട് അറിയാമെന്നും ട്രക്ക് ഉടമ പറഞ്ഞു.
ജൂലൈ 28നാണ് ഉന്നാവ് പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാറിൽ റായ്ബറേലിയിൽ വെച്ച് ട്രക്ക് ഇടിച്ചത്. അപകടത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് അമ്മായിമാർ മരിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഉന്നാവ് പീഡനക്കേസ് പ്രതിയായ എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. അപകടം അന്വേഷിക്കാനായി സി.ബി.ഐ 20 അംഗങ്ങളുള്ള പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.
സെങ്കാറിനെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. സെങ്കാറിനൊപ്പം മറ്റ് ഒമ്പത് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.