‘തമിഴ്നാട്ടുകാർ ഹിന്ദി ഭാഷ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്’ എന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നടത്തിയ പരാമർശത്തിനെതിരെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ "ഹിന്ദി അടിച്ചേൽപ്പിക്കാൻ" ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.
‘നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; നമ്മുടെ മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവൻ കല്യാണിന് വിശദീകരിച്ചു കൊടുക്കുക’ -എന്ന് പ്രകാശ് തന്റെ പോസ്റ്റിൽ എഴുതി.
കാക്കിനാഡയിലെ പീതംപുരത്ത് നടന്ന ജനസേന പാർട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തിൽ പവൻ കല്യാണ്‍ നടത്തിയ പ്രസംഗത്തോടുള്ള പ്രതികരമാണ് പ്രകാശ് രാജ് നടത്തിയത്. നേതാക്കൾ ഹിന്ദിയെ എതിർക്കുമ്പോൾ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി.
‘ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?’ -എന്നായിരുന്നു പവൻ കല്യാൺ ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.