മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിക്കില്ല

പട്ന: സർക്കാർ പരിപാടിക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വനിത ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ തീരുമാനം മാറ്റി. ഡോ. നുസ്രത്ത് പർവീൺ നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് സുഹൃത്ത് ബിൾക്കീസ് ​​പർവീൺ വാർത്താ ഏജൻസി എ.എൻ.ഐയെ അറിയിച്ചു.

തെറ്റായ കാര്യമാണ് സംഭവിച്ചത്. മറ്റൊരാളുടെ ശരീരത്തിൽ നേരിട്ടോ അല്ലാതെയോ തൊടാൻ ആർക്കും അവകാശമില്ല. വിഡിയോയിൽ കാണുന്നത് പോലെ നുസ്രത്ത് എല്ലായ്പോഴും പർദയാണ് ഉപയോഗിക്കുന്നതെന്നും ബിൾക്കീസ് ​​പർവീൺ വ്യക്തമാക്കി.

പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്ന സർക്കാർ പരിപാടിക്കിടെയാണ് ഡോക്ടർ നുസ്രത്ത് പർവീന്റെ മുഖാവരണം മാറ്റാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ​ശ്രമിച്ചത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ വേദിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിതീഷ് കുമാറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

ഹിജാബ് ധരിച്ച ഡോക്ടർ കത്ത് വാങ്ങാൻ വേദിയിൽ കയറിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാർ അവരെ നോക്കി 'ഇത് എന്താണ്' എന്ന് ചോദിക്കുകയും അൽപം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു. പരിഭ്രാന്തയായ ഡോക്ടറെ സമീപം നിന്നിരുന്ന ഉദ്യോഗസ്ഥ തിടുക്കത്തിൽ മാറ്റിനിർത്തി. അതിനിടെ, നിതീഷ് കുമാറിന്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിന്റെ കൈയിൽ പിടിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു.

പൊതുവേദിയിൽ അപമാനിതയായതിന് പിന്നാലെ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 20ന് ജോലിയിൽ പ്രവേശിക്കാനുള്ള നിയമനക്കത്ത് ലഭിച്ചെങ്കിലും സർവീസിൽ ചേരുന്നില്ലെന്ന നിലപാടിലാണ് യുവതിയെന്നാണ് സഹോദരൻ മാധ്യമങ്ങളോട് അറിയിച്ചത്. അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്നാണ് സഹോദരി പറയുന്നതെന്നും ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണെന്നും സഹോദരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർ.‌ജെ‌.ഡിയും കോൺഗ്രസും ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. നിതീഷ് കുമാറിന്റെ മാനസിക നില തെറ്റിയതിന്റെ ഏറ്റവും പുതിയ തെളിവാണ് സംഭവമെന്ന് ആരോപിച്ച പ്രതിപക്ഷം ഒരു സ്ത്രീയുടെ നിഖാബ് ഊരിമാറ്റാൻ ശ്രമിക്കുന്നത് നല്ലതല്ലെന്നും വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്തെത്തി. നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമന ഉത്തരവ് കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേ എന്നും ഗിരിരാജ് സിങ് ചോദിച്ചു.

പാസ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ മുഖം കാണിക്കാറില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്ക് തീരുമാനിക്കാം. ഇത് മുസ്‌ലിം രാജ്യമാണോ എന്നും ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ‘സംവാദ്' പരിപാടിയിൽ 1,000ത്തിലധികം ആയുഷ് ഡോക്ടർമാർക്കാണ് നിയമനം നൽകിയത്. 685 ആയുർവേദ ഡോക്ടർമാർ, 393 ഹോമിയോ ഡോക്ടർമാർ, 205 യുനാനി ഡോക്ടർമാർ എന്നിവരെയാണ് നിയമിച്ചത്. ഇവരിൽ 10 പേർക്കാണ് നിതീഷ് കുമാർ ചടങ്ങിൽ വെച്ച് നിയമന കത്തുകൾ കൈമാറിയത്.

Tags:    
News Summary - Doctor who pulled down niqab by Chief Minister Nitish Kumar will not quit his job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.