വയറിളക്ക ചികിത്സക്ക് 64000 രൂപ! സ്വകാര്യആശുപത്രികളുടെ കൊള്ളയെ വിമർശിച്ച് ഡോക്ടർ, ചർച്ച ഏറ്റെടുത്ത് സോഷ്യൽമീഡിയ

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ ചികിത്സയുടെ പേരിൽ രോഗികളെ കൊള്ളയടിക്കുന്നുവെന്നത് ജനങ്ങളുടെ പ്രധാന പരാതിയാണ്. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ വിറ്റുപെറുക്കിയാണങ്കിലും ബില്ല് അടക്കുകയല്ലാതെ ആരും ഗൗരവമായി ചര്‍ച്ചചെയ്യാറില്ല. എന്നാൽ ഇത്തരം പരാതിക്ക് അടിവരയിട്ട്, തന്‍റെ അനുഭവം പങ്കുവെച്ച് ഒരു ഡോക്ടർ രംഗത്തെത്തിയതോടെ വിഷയം ഗൗരത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ചൂഷണം വസ്തുതയാണെന്നും വയറിളക്കം ബാധിച്ച് ചികിത്സ തേടിയ തന്‍റെ സുഹൃത്തിന് മൂന്ന് ദിവസത്തെ ചികിത്സക്ക് 64000 രൂപ ബിൽ അടക്കേണ്ടിവന്നുവെന്നാണ് ഡോക്ടർ എക്സിലെ പോസ്റ്റിൽ പറയുന്നത്. അസമിൽ നിന്നുള്ള ഡോ. പ്രിയം ബോർഡോലോയ് ആണ്

അമിത വിലയുള്ള മരുന്നുകളും അനാവശ്യ ലാബ് പരിശോധനകളും നടത്തി രോഗികളെ കൊള്ളടിക്കുന്ന സ്വകാര്യ ആശുപത്രികളെ വിമർശിച്ചത്. ഇത് രോഗികൾക്ക് സാമ്പത്തിക ബാധ്യതയായി മാറിയെന്നും ഡോക്ടർ പറഞ്ഞു. ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ "പണം സമ്പാദിക്കുന്ന യന്ത്രം" ആയി മാറിയിരിക്കുന്നുവെന്ന് എക്‌സ് ഉപയോക്താവ് അങ്കിത് പാണ്ഡെയുടെ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു ഡോ. ബോർഡോലോയ്.

ഐ.സിയുവിൽ പ്രവേശിപ്പിക്കപ്പെട്ട തന്റെ സുഹൃത്തിന്റെ മുത്തശ്ശിക്ക് പ്രതിദിനം 40,000 മുതൽ 50,000 രൂപ വരെ വിലയുള്ള മരുന്നുകൾ നൽകുന്നുണ്ടെന്ന് പാണ്ഡെ പറഞ്ഞു. ആശുപത്രി ബില്ല്, റൂം വാടക എന്നിവ ഈ ഭീമമായ ചെലവിൽ ഉൾപ്പെട്ടിരുന്നില്ല. രോഗിയെ കാണാൻ കുടുംബത്തെ അനുവദിക്കുന്നില്ലെന്നും ചികിത്സയുടെ വിശദാംശങ്ങൾ നൽകുന്നില്ലെന്നും പാണ്ഡെ ആരോപിച്ചിരുന്നു.

ഇതിനോട് യോജിച്ചാണ് ഡോ. ബോർഡോലോയ് രംഗത്തെത്തിയത്. രണ്ടുവർഷം മുമ്പ് ബന്ധു വയറിളക്കം ബാധിച്ചതിനെത്തുടർന്ന് തന്‍റെ നിർദേശ പ്രകാരം ഒരു സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി. അണുഭീതിയുള്ള സുഹൃത്തിനെ, അവർക്ക് കൂടുതൽ സൗകര്യപ്രദമാവുമെന്ന് കരുതിയാണ് താൻ സ്വകാര്യ ആശുപത്രി നിർദേശിച്ചത്. എന്നാൽ മൂന്ന് ദിവസത്തെ ചികിത്സക്ക് 64,000 രൂപ ചെലവായി എന്നും ഡോ. ബോർഡോലോയ് പറഞ്ഞു.

മെച്ചപ്പെട്ട നഴ്‌സ്-രോഗി അനുപാതം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ന്യായീകരിക്കാവുന്നതാണെങ്കിലും സുതാര്യതയില്ലാത്തത് വില്ലനാണ്. വില കൂടിയ മരുന്ന്, അനാവശ്യമായ വിറ്റാമിൻ പാനലുകൾ, ക്ലിനിക്കലായി സൂചിപ്പിച്ചിട്ടില്ലാത്ത സി.ടി പരിശോധനകൾ എന്നിവ താൻ കണ്ടുവെന്നും ബോർഡോലോയ് എഴുതി. ഒരു മെഡിസിൻ ഡോക്ടർ എന്ന നിലയിൽ, സ്വകാര്യ ആശുപത്രികളിൽ ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗവും അനാവശ്യമായ പരിശോധനകളും തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോർപ്പറേറ്റ് ആശുപത്രികൾ പണംപിടുങ്ങുന്ന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയെ മെച്ചപ്പെടുത്തുന്നതും രോഗി പരിചരണം മെച്ചപ്പെടുത്തുന്നതും തുല്യമല്ല, വരുമാനം പ്രധാന ലക്ഷ്യമായി മാറിയതോടെ ചികിത്സാ രംഗത്ത് മുൻഗണനാക്രമങ്ങൾ മാറിയെന്നും സൗരഭ് ശുക്ല എന്ന മറ്റൊരു ഡോക്ടറും എക്സിൽ എഴുതി. സ്വകാര്യ ആശുപത്രികൾ വിദേശ കുത്തകൾക്ക് കൈമാറിയിരിക്കുകയാണെന്നും ഇന്ത്യയിൽ ചികിത്സ വെല്ലുവിളിനിറഞ്ഞ ഒരു വിപണിയായി മാറിയിരിക്കുകയാണെന്നും എക്സ് യുസർമാർ പറയുന്നു. 

Tags:    
News Summary - Doctor highlights predatory pricing by private hospitals: ‘ ₹64,000 for 3 days’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.