പൂണെ: 17കാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ കിഡ്നി റാക്കറ്റിന്റെ ഭാഗമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ അറസ്റ്റിലായി. സാസൂൺ ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ഡോ.അജയ് തവാരെയാണ് കേസിൽ പിടിയിലായത്.
പോർഷെ അപകടത്തിൽ പ്രതിയായ 17കാരന്റെ രക്തസാമ്പിളുകൾ മാറ്റിയ കുറ്റത്തിനാണ് നേരത്തെ ഇയാൾ അറസ്റ്റിലായത്. നിലവിൽ ഈ കേസിൽ യേർവാദ ജയിലിൽ കഴിയുകയാണ് അദ്ദേഹം. ഇപ്പോൾ കിഡ്നി റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്ന കേസിൽ ക്രൈംബ്രാഞ്ച് ഡോക്ടറെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
2022ലെ കേസിലാണ് നടപടിയുണ്ടായത്. റൂബി ഹാൾ ക്ലിനിക്കിൽ കിഡ്നി മാറ്റിവെച്ച സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡോക്ടർക്ക് പുറമേ മറ്റ് 15 പേരും കേസിൽ പ്രതികളാണ്.
ഇതിൽ റൂബി ഹാൾ ക്ലിനിക്കിന്റെ മാനേജിങ് ട്രസ്റ്റിയും പ്രതിയാണ്. കിഡ്നി മാറ്റിവെക്കുന്ന സമയത്ത് കൃത്രിമം നടത്തിയെന്നാണ് കേസ്. 15 ലക്ഷം വാഗ്ദാനം ചെയ്ത് തന്റെ കിഡ്നി യുവാവിന് മാറ്റിവെച്ച് കൊടുത്തുവെന്നും പിന്നീട് പണം നൽകിയില്ലെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു. യുവാവിന്റെ ഭാര്യയാണെന്ന് രേഖകൾ ഉണ്ടാക്കിയായിരുന്നു ഇവരുടെ കിഡ്നി അയാൾക്ക് മാറ്റിവെച്ചത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കിഡ്നി റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.