നമ്മൾ രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ; യോഗിക്കെതിരെ രാകേഷ് ടിക്കായത്

കേന്ദ്ര സർക്കാറിനെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള കർഷക നേതാവാണ് രാകേഷ് ടിക്കായത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്തുണ്ട്. രാജ്യത്ത് ഒരു രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിൽ കയറ്റേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി പുറത്തുവന്ന പ്രസ്താവന.

ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി യെ കടന്നാക്രമിച്ച് കർഷനേതാവ് രാകേഷ് ടിക്കായത്ത് പലതവണ രംഗത്തെത്തിയിരുന്നു. രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ എന്ന് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ് എന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.

"നമുക്ക് സ്വേച്ഛാധിപതികളായ ഭരണാധികാരികളെയല്ല ആവശ്യം. ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണാധികാരിയെയാണോ അതോ ഉത്തരകൊറിയയിലേതിന് സമാനമായി ഒരു രണ്ടാം കിം ജോങ് ഉന്നിനെയാണോ തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങൾ ബുദ്ധിപരമായി അവരുടെ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് ഞാന്‍ കരുതുന്നത്"- രാകേഷ് ടിക്കായത്ത് പറഞ്ഞു.

കഴിഞ്ഞയാഴ്ചയും ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ബി.ജെ.പി വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നാണ് ടിക്കായത്ത് പറഞ്ഞത്.

"പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വികസനത്തെക്കുറിച്ച് ബി.ജെ.പി സംസാരിക്കാത്തത് എന്ത് കൊണ്ടാണ്? ബി.ജെ.പി സംസാരിക്കുന്നത് ഹിന്ദുവിനേയും മുസ്‍ലിമിനേയും കുറിച്ചാണ്. ഹിന്ദു-മുസ്ലിം മത്സരങ്ങൾക്കുള്ള മൈതാനമല്ല മുസഫർ നഗർ"- ടിക്കായത്ത് പറഞ്ഞു.

കർഷകവിരുദ്ധ കാഴ്ചപ്പാട് വച്ച് പുലർത്തുന്നവരെ വോട്ടർമാർ ഒരിക്കലും പിന്തുണക്കില്ലെന്നും ഹിന്ദു മുസ്‍ലിം ധ്രുവീകരണത്തിന് കൂട്ടു നിൽക്കാത്തവരെ മാത്രമേ ജനങ്ങൾ പിന്തുണക്കൂ എന്നും ടിക്കായത്ത് പറഞ്ഞു.

Tags:    
News Summary - "Do People Want Second Kim Jong?": Farmer Leader's Dig At BJP Amid Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.