വിജയ് മല്യ അടക്കമുള്ളവരുടെ 7,016 കോടി കടം എഴുതിത്തള്ളുന്നു

ന്യൂഡല്‍ഹി: കള്ളപ്പണ വേട്ടയുടെ പേരില്‍ നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ എരിപൊരി കൊള്ളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പ്രമുഖ വ്യവസായികളുടെ 7,016 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളുന്നു. ബാങ്കുകളെ വെട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ 1,201 കോടിയും ഇതിലുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഭീമമായ സംഖ്യ കണക്കില്‍നിന്ന് വെട്ടിമാറ്റിയത്.

63 വ്യവസായികളുടെ വായ്പയാണ് ‘അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ടി’ലേക്ക് (എ.യു.സി.എ) തള്ളിയത്. മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു നല്‍കിയ 1,201 കോടി രൂപയാണ് ഒന്നാമത്തേത്. കെ.എസ്. ഓയില്‍ -596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് -526 കോടി, ഗെറ്റ് പവര്‍ -400 കോടി, സായ് ഇന്‍ഫോ സിസ്റ്റം -376 കോടി എന്നിവയാണ് മറ്റു പ്രമുഖ സ്ഥാപനങ്ങള്‍. ബാങ്കിന്‍െറ ബാക്കിപത്രത്തില്‍ സാമ്പത്തിക സ്ഥിതി ഉയര്‍ത്തിക്കാണിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് വിശദീകരണം.

ഉയര്‍ന്ന തോതില്‍ നിഷ്ക്രിയ ആസ്തി ബാക്കിപത്രത്തില്‍ കാണിക്കുന്നത് ബാങ്കുകള്‍ക്ക് മോശം പ്രതിച്ഛായ നല്‍കും. അതൊഴിവാക്കാന്‍ റിസര്‍വ് ബാങ്കിന്‍െറ അനുമതിയോടെ കാണിക്കുന്ന ഉപായമാണ് അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ട്. തിരിച്ചുപിടിക്കാന്‍ ബാക്കിനില്‍ക്കുന്ന വായ്പയായി ഈ സംഖ്യ ഇനി ബാങ്കിന്‍െറ ബാക്കിപത്രത്തില്‍ കാണിക്കില്ല. ബാക്കിപത്രത്തിലെ നിഷ്ക്രിയ ആസ്തി (എന്‍.പി.എ) സംഖ്യ ഫലത്തില്‍ കുറയും.

63 പേരുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളിയപ്പോള്‍ 31 പേരുടേത് ഭാഗികമായി ഈ ഗണത്തിലേക്ക് തള്ളി. ആറു പേരുടേത് നിഷ്ക്രിയ ആസ്തിയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്‍െറ ഏറ്റവും വലിയ 100 കുടിശ്ശികക്കാരില്‍ 80 ശതമാനം തുകയും അഡ്വാന്‍സ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ടായി എഴുതിത്തള്ളുകയാണ് ചെയ്തത്. 2016 ജൂണ്‍ 30ലെ കണക്കുപ്രകാരം സ്റ്റേറ്റ് ബാങ്ക് 48,000 കോടി രൂപയുടെ കിട്ടാക്കടമാണ് പൂര്‍ണമായി എഴുതിത്തള്ളിയത്.
17 ബാങ്കുകള്‍ക്കായി കിങ്ഫിഷര്‍ നല്‍കാനുള്ളത് 6,963 കോടി രൂപയാണ്. ആസ്തി പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെ മല്യ ലണ്ടനിലേക്ക് കടന്നുകളഞ്ഞു. പ്രഖ്യാപിത സാമ്പത്തിക കുറ്റവാളിയായി എന്‍ഫോഴ്സ്മെന്‍റ് വിജയ് മല്യയെ പ്രഖ്യാപിച്ചിട്ടുണ്ട്.

കിട്ടാക്കടത്തിന്‍െറ പട്ടികയിലേക്ക് മാറ്റിയെന്നല്ലാതെ, കുടിശ്ശിക തിരിച്ചുപിടിക്കാന്‍ മേലില്‍ ശ്രമിക്കില്ളെന്ന് ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ വിശദീകരിച്ചു. എന്നാല്‍, സര്‍ക്കാര്‍ വിശദീകരണം പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളി. നോട്ട് അസാധുവാക്കി സാധാരണക്കാരെ പ്രയാസപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍െറ വ്യവസായി സൃഹൃത്തുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Tags:    
News Summary - DNA Exclusive: SBI writes off loans of 63 wilful defaulters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.