ചെന്നൈ: കരൂർ ദുരന്തത്തിനുശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപകനും നടനുമായ വിജയ്. ജനങ്ങളെ വഞ്ചിച്ച് അധികാരത്തിലേറിയ ഡി.എം.കെയെ ചോദ്യം ചെയ്യാതിരിക്കാൻ കഴിയില്ലെന്നും സ്റ്റാലിൻ നല്ലവനായി അഭിനയിക്കുകയാണെന്നും നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്. കാഞ്ചീപുരത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെ അധികാരത്തിലേറും. യഥാർഥ സാമൂഹിക നീതിക്കായാണ് തങ്ങളുടെ പോരാട്ടം. ഡി.എം.കെയുടെ നാടകവും തട്ടിപ്പും ജനം തിരിച്ചറിയും. ടി.വി.കെക്കെതിരെ ഡി.എം.കെ അപകീർത്തിപരമായ പ്രചാരണമാണ് നടത്തുന്നത്. തന്നെയും പ്രവർത്തകരെയും നോവിച്ചവർക്ക് ദു:ഖിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാലിനെയും ഡി.എം.കെയെയും രൂക്ഷമായി വിമർശിച്ച വിജയ് ബി.ജെ.പിക്കെതിരെ പരാമർശമൊന്നും നടത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു.
സെപ്റ്റംബർ 27ന് കരൂരിലെ പ്രചാരണ പര്യടനത്തിനിടെ ഉണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിനുശേഷം ആദ്യമായാണ് വിജയ് കാഞ്ചീപുരത്ത് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കാഞ്ചീപുരം ജെ.പി.ആർ എൻജിനീയറിങ് കോളജ് ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ രണ്ടായിരം പേർക്കാണ് ക്യൂ.ആർ കോഡ് പതിച്ച പാസ് നൽകിയിരുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് പരിപാടി നടന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളെ പാർട്ടി വളന്റിയർമാർ തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.