വനിതാ സംവരണത്തെ പിന്തുണക്കും, മണ്ഡല പുനർനിർണയത്തിൽ വ്യക്തത വേണം; സർവകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി ഡി.എം.കെ

ന്യൂഡൽഹി: ലോക്സഭയിലെ 33 ശതമാനം വനിതാ സംവരണത്തെ ഡി.എം.കെ പിന്തുണക്കും. എന്നാൽ, മണ്ഡല പുനർനിർണ്ണയ നടപടികളിൽ കേന്ദ്ര സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന സർവകക്ഷി യോഗത്തിലാണ് ഡി.എം.കെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനുമായി കാത്തുനിൽക്കാതെ, ലോക്സഭയുടെ നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ മണ്ഡല പുനർനിർണ്ണയം വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ ആനുപാതികമായി സീറ്റുകൾ പുനഃക്രമീകരിക്കുമ്പോൾ തെക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ രാഷ്ട്രീയ സ്വാധീനം കുറയാൻ ഇടയാകരുത്. അല്ലാത്തപക്ഷം ഈ നടപടികൾ അടുത്ത 25 വർഷത്തേക്ക് മാറ്റിവെക്കണമെന്നും തിരുച്ചി ശിവ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നേരത്തെ മണ്ഡല പുനർനിർണ്ണയ നീക്കങ്ങളെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ, ഇപ്പോൾ ഈ ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭരണപക്ഷമായ എൻ.ഡി.എയ്ക്ക് ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ ഡി.എം.കെയുടെ 22 എം.പിമാരുടെ പിന്തുണ നിർണ്ണായകമാണ്. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ 360 വോട്ടുകൾ തികയ്ക്കാൻ 319 എം.പിമാരുള്ള എൻ.ഡി.എയ്ക്ക് ഡി.എം.കെയുടെ നിലപാട് വലിയ ആശ്വാസമാകും.




Tags:    
News Summary - DMK clarifies stance at all-party meeting: Will support women's reservation, but seeks clarity on constituency delimitation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.