കരുണാനിധി ആശുപത്രി വിട്ടു;  വീട്ടില്‍ ചികിത്സ തുടരും

ചെന്നൈ: അണുബാധയത്തെുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി (93) ഗോപാലപുരത്തെ വസതിയിലേക്ക് മടങ്ങി. സന്ദര്‍ശകരെ ഒഴിവാക്കി വീട്ടില്‍ ചികിത്സ തുടരുമെന്ന് കാവേരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എസ്. അരവിന്ദന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. വീട്ടിലും പൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചത്. 

ശ്വസനം സുഗമമാക്കാന്‍ കഴുത്തിലൂടെ ശ്വാസനാളിയിലേക്ക് കടത്തിവിട്ടിരിക്കുന്ന ട്യൂബ് (ട്രക്കിയോട്ടമി) മാറ്റിയിട്ടില്ല.  ഡോക്ടര്‍, നഴ്സുമാരുടെ സേവനം വീട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ശ്വാസകോശ, കരള്‍ അണുബാധ മാറിയതായും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് കരുണാനിധി ആശുപത്രി വിട്ടത്. ഭാര്യ രാജാത്തി അമ്മാള്‍, മകനും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍, മകള്‍ കനിമൊഴി എം.പി, നേതാക്കളായ ടി.ആര്‍. ബാലു, എ. രാജ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കരുണാനിധി വീട്ടിലേക്ക് മടങ്ങുന്നത് അറിഞ്ഞ് ഡി.എം.കെ പ്രവര്‍ത്തകര്‍ ആശുപത്രിക്കു പുറത്ത് തടിച്ചുകൂടിയിരുന്നു. മുദ്രാവാക്യംവിളികളോടാണ് ഇവര്‍ നേതാവിനെ സ്വാഗതംചെയ്തത്. ചക്രക്കസേരയില്‍തന്നെയാണ് വീട്ടിലേക്ക് മടങ്ങിയത്. കലൈജ്ഞര്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അവകാശപ്പെട്ട ഡി.എം.കെ,  ഐ.സി.യുവില്‍ ഡോക്ടര്‍മാരോടൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം  പുറത്തുവിട്ടിരുന്നു. ശ്വാസകോശ, കരള്‍ അണുബാധയത്തെുടര്‍ന്ന് ഈമാസം 15ന് രാത്രി 11 മണിക്കാണ്  വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരുണാനിധിയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അണ്ണാ ഡി.എം.കെ നേതാവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ, മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ഈമാസം 20ന് നടക്കേണ്ടിയിരുന്ന ഡി.എം.കെ ജനറല്‍ ബോഡി യോഗം മാറ്റിവെച്ചിരുന്നു.
 

Tags:    
News Summary - DMK Chief Karunanidhi Discharged From Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.