ഡി.കെക്ക് മുന്നിലെ ആദ്യ വെല്ലുവിളി അദാനിയുടെ ടെൻഡർ

ബംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഡി.കെ. ശിവകുമാറിന് മുന്നിലെ ആദ്യത്തെ വലിയ ഭരണപരമായ പരീക്ഷണം ബംഗളൂരു ടണൽ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടതായിരിക്കും. പദ്ധതിക്കായി അദാനി ഗ്രൂപ്പ് സമർപ്പിച്ച ടെൻഡറിന് അംഗീകാരം നൽകണോ എന്ന കാര്യത്തിലാണ് തീരുമാനം എടുക്കേണ്ടത്.

കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരം ‘ക്രോണി ക്യാപിറ്റലിസം’(അവിഹിത കൂട്ടുകെട്ടിലൂടെയുള്ള മുതലാളിത്തം) ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ, ഈ തീരുമാനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

ബുധനാഴ്ചയാണ് ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 17 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ ഇടനാഴിയായ ബംഗളൂരു ടണൽ റോഡ് പദ്ധതി, നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

ഏകദേശം 17,698 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി, പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി) മോഡലിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കർണാടക ഉപമുഖ്യമന്ത്രിയും ബംഗളൂരു വികസന മന്ത്രിയുമായിരിക്കെ ഡി.കെ. ശിവകുമാർ ഏറെ പ്രോത്സാഹിപ്പിച്ച പദ്ധതിയാണിത്.

അദാനി എന്റർപ്രൈസസ് ആണ് ഏറ്റവും കുറഞ്ഞ തുകക്ക് ലേലം വിളിച്ചത്. എന്നാൽ, അദാനിയുടെ ബിഡ് സംസ്ഥാന സർക്കാരിന്റെ ചെലവ് കണക്കുകളെക്കാൾ കൂടുതലായതിനാൽ മുന്നോട്ട് പോകുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്.

അദാനി ഗ്രൂപ്പിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശീയതലത്തിൽ ശക്തമായ പ്രചാരണം നടത്തുമ്പോൾ, കർണാടകയിൽ ആ ഗ്രൂപ്പിന് പദ്ധതി നൽകുന്നത് വലിയ ചോദ്യങ്ങൾ ഉയർത്താം. അതേസമയം, പദ്ധതി നിരസിക്കുന്നത് ഡി.കെ. ശിവകുമാറിന്റെ സ്വപ്നപദ്ധതിയായ ടണൽ റോഡിന്റെ വൈകലിന് കാരണമായേക്കും.

എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി നേതൃത്വം അദാനി ഗ്രൂപ്പിന്റെ പദ്ധതികളെ തടയാൻ ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രേവന്ത് റെഡ്ഢി നേതൃത്വം നൽകുന്ന തെലങ്കാന സർക്കാർ അദാനി ഗ്രൂപ്പുമായി നിരവധി പദ്ധതികളിൽ സഹകരിക്കുന്നുണ്ട്.

പ്രായോഗിക ഭരണത്തിൽ രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി പലപ്പോഴും തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നുണ്ട് എന്നതാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. നിലവിൽ പ്രോജക്റ്റ് സൈറ്റിൽ അദാനി ഗ്രൂപ്പ് സർവേയും മണ്ണ് പരിശോധനയും നടത്തുന്നുണ്ടെന്നും, ടെൻഡർ സംബന്ധിച്ച ഫയൽ ആദ്യതല ക്ലിയറൻസിനായി ഡി.കെ. ശിവകുമാറിന്റെ പരിഗണനയിലാണെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

രാഹുൽ ഗാന്ധിയുടെ അദാനി വിരുദ്ധ നിലപാടും കോൺഗ്രസ് സർക്കാരുകൾ അദാനിയുമായി നടത്തുന്ന സഹകരണവും തമ്മിലുള്ള പൊരുത്തക്കേട് പ്രതിപക്ഷത്തിന് വലിയ ആയുധമാണ്. തെലങ്കാനയിൽ 12,400 കോടിയിലധികം രൂപയുടെ നിക്ഷേപ കരാറുകളിൽ അദാനി ഗ്രൂപ്പുമായി സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്.

കേരളത്തിൽ കോൺഗ്രസ് സർക്കാർ മുൻകൈയെടുത്ത് തുടങ്ങിയ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും വലിയ നിക്ഷേപങ്ങളാണ് അനുവദിക്കുന്നത്.

അതേസമയം, ബി.ജെ.പിയും പരിസ്ഥിതി പ്രവർത്തകരും ഈ പദ്ധതിക്കെതിരെ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് ആർ. അശോക്, എം.പി തേജസ്വി സൂര്യ എന്നിവർ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സമ്പന്നർക്ക് വേണ്ടി മാത്രം നിർമ്മിക്കുന്ന പദ്ധതിയാണിതെന്നും നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ മെട്രോ ശൃംഖല വികസിപ്പിക്കുകയാണ് വേണ്ടതെന്നും ബി.ജെ.പി നേതാക്കൾ വാദിക്കുന്നു. ടണൽ പദ്ധതിക്കായി സാങ്കി ടാങ്ക്, ലാൽബാഗ്, കൃഷ്ണ റാവു പാർക്ക് തുടങ്ങിയ പൊതു ഇടങ്ങൾ നശിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

ബംഗളൂരുവിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും പരിസ്ഥിതിലോലമായ സാഹചര്യങ്ങളും പരിഗണിച്ച്, ടണൽ നിർമ്മാണം ഭൂഗർഭജലനിരപ്പിനെയും ജലസംഭരണികളെയും ബാധിക്കുമെന്നും വലിയ പ്രളയസാധ്യതയുണ്ടെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ ദേശീയ രാഷ്ട്രീയ ആഖ്യാനവും കർണാടകയിലെ പ്രായോഗിക വികസന കാഴ്ചപ്പാടും തമ്മിലുള്ള വലിയൊരു പരീക്ഷണ ഘട്ടത്തിലാണ് ഡി.കെ. ശിവകുമാർ ഇപ്പോൾ നിൽക്കുന്നത്.

Tags:    
News Summary - DK Shivakumar Faces First Big Test as Karnataka CM: Decision on Adani Bid for Bengaluru Tunnel Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.