ബംഗളൂരു: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താൻ ബന്ധപ്പെട്ടിരുന്നെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്.
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഉടൻ തന്നെ വീഴാൻ സാധ്യതയുണ്ടെന്നും ശിവകുമാർ അമിത് ഷായുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും കുമാരസ്വാമി പറഞ്ഞതായുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. കുമാരസ്വാമിയെ രാജ്യദ്രോഹി എന്ന് വിളിച്ച ശിവകുമാർ, താൻ മാനനഷ്ടക്കേസ് നൽകുമെന്ന മുന്നറിയിപ്പും നൽകി.
എന്നാൽ, പിന്നീട് സംഭവങ്ങൾ തല തിരിഞ്ഞു. കുമാരസ്വാമി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ശിവകുമാറിന്റെ സംഘത്തിന് പിന്നീട് മനസ്സിലായി. ജെഡി (എസ്) രജത ജൂബിലി പരിപാടിയിൽ, സ്ഫോടനാത്മകമായ സംഭവവികാസങ്ങൾ വരാനിരിക്കുന്നു എന്ന് മാത്രമായിരുന്നു കുമാരസ്വാമി പറഞ്ഞത്. കോൺഗ്രസ് സർക്കാരിനെയോ അമിത് ഷായേയോ പരാമർശിച്ചിരുന്നില്ലെന്നും പുറത്തുവന്നു. ഇതത് മനസ്സിലാക്കിയ ശിവകുമാർ, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടു. ചില റിപ്പോർട്ടർമാർ തെറ്റായ വിവരങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും കുമാരസ്വാമിക്കെതിരെ തന്നെ രംഗത്തിറക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.