ന്യൂഡൽഹി: 'നാഷനൽ ഹെറാൾഡ്' കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഡൽഹിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് ഈ കേസിൽ ശിവകുമാറിനെ ഇ.ഡി ചോദ്യംചെയ്യുന്നത്. ഏജൻസി ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിരുന്നെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ ഏജൻസികളെ ഞങ്ങൾ ബഹുമാനിക്കുന്നു. ഇതിൽ ഒന്നും ഒളിക്കാനില്ല. നാഷനൽ ഹെറാൾഡിന്റെ ഉടമകളായ 'യങ് ഇന്ത്യൻ' കമ്പനിക്കു നൽകിയ പണമെല്ലാം ക്ഷേമപ്രവർത്തനങ്ങൾക്കായുള്ളതാണ് -അദ്ദേഹം വ്യക്തമാക്കി. 'യങ് ഇന്ത്യന്‍' ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും മുമ്പ് കൃത്യമായ കണക്കില്ലാത്ത പണം നൽകിയതായാണ് ആരോപണം.
നവംബർ ഏഴിനുള്ള ചോദ്യംചെയ്യലിന് ശിവകുമാർ എത്തിയിരുന്നില്ല. പാർട്ടി പരിപാടികളുടെ തിരക്കിലാണ് എന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ശിവകുമാറിനെയും സഹോദരനെയും ഇ.ഡി ഒടുക്കം ചോദ്യംചെയ്തത്.
'നാഷനൽ ഹെറാൾഡ്' കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുതിർന്ന നേതാവും ഇപ്പോഴത്തെ പാർട്ടി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.